പ്രതീകാത്മക ചിത്രം
കാഞ്ഞിരപ്പള്ളി: ഈ വർഷത്തെ ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട രണ്ട് പ്രധാന റോഡുകളുടെ നവീകരണത്തിനായി 20.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി റോണി കെ. ബേബി എംഎൽഎ അറിയിച്ചു.
ശബരിമല ഭക്തർ കടന്നുപോകുന്ന പ്രധാനപ്പെട്ട പാതയായ കാഞ്ഞിരപ്പള്ളി - എരുമേലി റോഡിന് ബിസി ഓവർലേ ചെയ്യുന്നതിന് 12 കോടി രൂപയും കപ്പാട് - എലിക്കുളം റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിക്കുന്നതിന് 8.25 കോടി രൂപയുമാണ് അനുവദിച്ചത്.
പാലാ - പൊൻകുന്നം റോഡിലൂടെ എരുമേലി വഴി ശബരിമലയ്ക്ക് പോകുന്ന അയ്യപ്പഭക്തർക്ക് കുരുവിക്കൂട് കവലയിൽ നിന്നു കപ്പാട് - ആനക്കല്ല് ഇല്ലിച്ചുവട് വഴി 26ാം മൈലിലെത്തി എരുമേലിയിലേക്ക് കടന്നുപോകാൻ ഈ പാതയുടെ നവീകരണം വഴി സാധിക്കും. ഇതുമൂലം പൊൻകുന്നം, കാഞ്ഞിരപ്പള്ളി ടൗണുകളിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണാൻ സാധിക്കും.
ഭരണാനുമതിക്ക് പിന്നാലെ സാങ്കേതിക അനുമതിയും മറ്റ് നടപടികളും അടിയന്തരമായി പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ ഉടൻതന്നെ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എംഎൽഎ അറിയിച്ചു.
Tags : NattuVishesham.DistricteNews