പ്രതീകാത്മക ചിത്രം
കൊച്ചി: ഓട്ടോഡ്രൈവറെ മർദിച്ച കേസിൽ സെൻട്രൽ പൊലിസ് പിടികൂടിയ "സജിമോൻ ബസ്'പിഴയടക്കാനുള്ളത് 200ഓളം ചെല്ലാനുകൾ. ഇരുന്നൂറോളം നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാനുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലിസ് ഇന്ന് ബസ് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
അമിത വേഗത, സൈഡ് നൽകാതിരിക്കുക, സ്റ്റോപ്പിൽ നിർത്താതെയിരിക്കുക തുടങ്ങിയ നിരവധി നിയമലംഘനങ്ങളാണ് ബസ് നടത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയതായി സെൻട്രൽ പൊലിസ് പറഞ്ഞു.
ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ചതിന് സജിമോൻ ബസിലെ ജീവനക്കാരായ പള്ളുരുത്തി ചോയ്സ് റോഡ് മേക്കരപറമ്പിൽ വീട്ടിൽ എം.ഇസഡ്. നഹാസ് (28), സഹോദരൻ എം.ഇസഡ്. നസറുദ്ദീൻ (38), കുമ്പളങ്ങി പുളിക്കൽ വീട്ടിൽ ബ്രിസ്റ്റോ മാത്യൂസ് (30) എന്നിവരെ എറണാകുളം സെൻട്രൽ പൊലിസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി 7.45ന് എറണാകുളം നോർത്ത് ടൗൺഹാളിനു മുന്നിലെ പമ്പിനുസമീപമായിരുന്നു സംഭവം. മർദിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. മൂന്നുപേരെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
കോന്തുരുത്തി സ്വദേശി ഹാഷിം (54) ഓടിച്ച ഓട്ടോറിക്ഷയ്ക്കു നേരെ സജിമോൻ ബസ് ഇടിക്കാൻവന്നത് ചോദ്യംചെയ്തതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഇതിനുപിന്നാലെ ബസ് ജീവനക്കാർ ഹാഷിമിനെ മർദിക്കുകയായിരുന്നു.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലിസ് കേസെടുത്തത്.
Tags : NattuVishesham DistrictNews