കേരള കോൺഗ്രസ് എം തലയാഴം മണ്ഡലംകൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കാലാവസ്ഥ വ്യതിയാനം മൂലം തലയാഴം, വെച്ചൂർ, തലയോലപറമ്പ്,കല്ലറ, മുണ്ടാർ തുടങ്ങിയ അപ്പർകുട്ടനാട് പ്രദേശങ്ങളിലെ നെൽകർഷകർ പ്രതിസന്ധിയിൽ. മഴ കുറഞ്ഞതുമൂലം പാടശേഖരങ്ങളിലേക്ക് ഓരുവെള്ളം കയറുമെന്ന ആശങ്കയിലാക്ക് കർഷകർ.
സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഫലപ്രദമായ ആസൂത്രണത്തിലൂടെ ഓരുമുട്ടുകൾസജ്ജമാക്കണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്.
കെ.വി കനാൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തണമെന്നും മൂവാറ്റുപുഴ ആറിലെ ശുദ്ധജലം ഈ പ്രദേശങ്ങളിലേക്ക് എത്തുന്നതിനായി പദ്ധതി പ്രദേശത്തെ തോടുകൾ ആഴം കൂട്ടി എക്കൽ നീക്കം ചെയ്യുവാനുള്ള നടപടി സ്വീകരിച്ചാൽ കാർഷിക മേഖലയിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കാനാകും.
കെ.വി കനാലുമായി ബന്ധപ്പെട്ട് കിടക്കുന്ന മാരാംവീട് തോട്, വല്ലയിൽതോട്, പുത്തൻ പാലം തുടങ്ങിയ തോടുകളിലേക്കുള്ള നീരൊഴുക്ക് തടസപ്പെടുത്തുന്ന മരച്ചില്ലകളടക്കം വെട്ടുനീക്കി നീരൊഴുക്ക് സുഗമാക്കാനുള്ള നടപടികളും അധികൃതർ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് -എം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കൺവൻഷൻ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ബിജുപറപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.സോമൻ അധ്യക്ഷത വഹിച്ചു. ഷാജി ചില്ലയ്ക്കാൻ, സണ്ണിമലയിൽ, ബിനീഷ് തൈത്തറ, മനോജ് ലൂക്ക്, രാജേന്ദ്രൻ നാലുപറ, ജോമോൻ കൈതക്കാട്ട് , ബോബി കുറുപ്പ്, പ്രകാശൻ കാട്ടുവള്ളി എന്നിവർ പ്രസംഗിച്ചു.