കുറവിലങ്ങാട്: ഓണത്തിന് പൂക്കളമൊരുക്കാൻ സ്വന്തം പുഷ്പകൃഷിയുമായി വിദ്യാർഥികൾ. കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് പ്രിൻസിപ്പൽ സിജി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ വേറിട്ട കാർഷിക സംസ്കാരത്തെയും സ്വയംപര്യാപ്തതയെയും ഏറ്റുവാങ്ങി സമ്മാനിക്കുന്നത്. വിദ്യാർഥികളുടെ ആവേശത്തിന് നേതൃത്വവുമായി കുറവിലങ്ങാട് കൃഷിഭവനും പഞ്ചായത്തും രംഗത്തെത്തിയതോടെ പദ്ധതിക്കു തുടക്കമായി. പൂക്കൂട 2026 എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൃഷിക്കുള്ള തൈകൾ വിദ്യാർഥികൾക്ക് സമ്മാനിച്ച് പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം കെ.കെ ശശികുമാർ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ നിഷ മേരി സിറിയക്, പ്രിൻസിപ്പൽ സിജി സെബാസ്റ്റ്യൻ, കൃഷി ഓഫീസർ ബി. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.