പ്രാദേശിക ചരിത്രരചനയില്‍ നിന്ന്.
വടകര: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ജില്ലാ സ്കുള് ശാസ്ത്രോത്സവത്തിന് വടകരയില്‍ ആവേശത്തുടക്കം. ഒന്നാം ദിവസമായ ഇന്നലെ സാമൂഹിക ശാസ്ത്രമേളയുടെ ഭാഗമായി ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രസംഗം, ചരിത്ര സെമിനാര്‍, പ്രാദേശിക ചരിത്ര രചന, അറ്റ്ലസ് മേക്കിംഗ് എന്നീ ഇനങ്ങളില്‍ മത്സരം നടന്നു. യുദ്ധത്തിന്റെ രാഷ്ട്രീയവും സമ്പദ് വ്യവസ്ഥയും എന്നതായിരുന്നു ഹയര്‍സെക്കന്‍ഡറി പ്രസംഗ വിഷയം.
ജില്ലയിലെ 17 ഉപജില്ലകളില്‍ നിന്നുള്ള ആറായിരത്തിലധികം മത്സരാര്‍ഥികളാണ് ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കുന്നത്. ഹൈസ്കൂള്‍ വിഭാഗം ശാസ്ത്രമേള എംയുഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലും സാമൂഹിക ശാസ്ത്രമേള ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഐടി മേള ബിഎംഎച്ച്എസ് എസിലും ഗണിത മേള ജെഎന്എംഎച്ച്എസ് എസിലും പ്രവൃത്തിപരിചയമേള സെന്റ് ആന്റണീസ് ഗേള്‍സ് എച്ച്സിലും നടക്കും. വൊക്കേഷണല്‍ സ്കില്‍ ഫെസ്റ്റ് ടൗണ്‍ ഹാളാണ് സജ്ജീകരിച്ചിരിക്കുന്നത്.
മേളയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ പാറക്കല്‍ അബ്ദുല്ല എംഎല്‍എ നിര്‍വഹിക്കും. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും.
സ്കില്‍ ഫെസ്റ്റിവല്‍ ഇന്നും നാളെയും
വടകര: റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വടകര മേഖലാതല സ്കില്‍ ഫെസ്റ്റിവല്‍ ഇന്നും നാളെയുമായി ടൗണ്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോഴിക്കോട്, വയനാട് ജില്ലകള്‍ ഉള്‍പ്പെടുന്ന വടകര മേഖലയിലെ 40 ഓളം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ നിന്നായി നാനൂറിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
19 ഇനങ്ങളില്‍ തൊഴില്‍ നൈപുണ്യങ്ങളുടെ തത്സമയ മത്സരങ്ങള്‍ നടക്കും. ഇന്ന് പൂര്‍ണമായും മത്സരങ്ങളും നാളെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടായിരിക്കും. ടൗണ്‍ഹാളില്‍ ഇതിനായി 40 സ്റ്റാളുകളാണ് പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും മേളയുടെ മുഖ്യ ആകര്‍ഷകമായിരിക്കും .സ്കില്‍ ഫെസ്റ്റിവലുമായി ചേര്‍ന്ന് കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ മേഖലയിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന കരിയര്‍ പാനല്‍ ചര്‍ച്ച, കരിയര്‍ കൗണ്‍സിലിംഗ്, സ്വന്തം കഴിവുകള്‍ തിരിച്ചറിയാന്‍ വിദ്യാര്‍ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന കരിയര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, വിവിധ തൊഴില്‍ദാതാക്കള്‍ പങ്കെടുക്കുന്ന കരിയര്‍ സ്റ്റാള്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ സ്റ്റാള്‍, വിനോദത്തിനായി ഗെയിമിംഗ് തുടങ്ങിയവ സംഘടിപ്പിക്കും.
സ്കില്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നഗരത്തില്‍ വിളംബര ജാഥ നടത്തി. വാര്‍ത്താസമ്മേളനത്തില്‍ അസി. ഡയറക്ടര്‍ കെ.റസീന, സ്കില്‍ ഫെസ്റ്റിവല്‍ സെക്രട്ടറിമാരായ സഞ്ജീവ് കുമാര്‍, പി വി.മുഹമ്മദ് ഷനൂദ്, എന്‍.പി.ഷിഹാബ്, വി.പി.നിത, സക്കറിയ എളേറ്റില്‍ കെ.പി.ഫാത്തിമ, പി. ഷറീഫ് എന്നിവര്‍ പങ്കെടുത്തു.
Tags :