ആറളം ഫാമിലെ ചെണ്ടുമല്ലി കൃഷിയുടെ മൂന്നാം സീസൺ വിളവെടുപ്പ് ഉദ്ഘാടനം ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ നിർവഹിക്കുന്നു.
ഇരിട്ടി: പച്ചപ്പിനു നടുവിൽ മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പൂക്കളാൽ സന്പന്നമായി ആറളം ഫാമിലെ ചെണ്ടുമല്ലി പൂപ്പാടം സന്ദർശകരുടെ മനം കവരുന്നു. ദേശീയ ശലഭ ഉദ്യാനത്തോടു ചേർന്നുള്ള ആറളം ഫാമിൽ തുടർച്ചയായ മൂന്നാം വർഷവമാണ് ഓണത്തോടനുബന്ധിച്ച് ചെണ്ടുമല്ലി പൂത്തുലയുന്നത്.
കഴിഞ്ഞ രണ്ടു സീസണുകളിൽ കഴിഞ്ഞ വർഷം കാലാവസ്ഥ ചതിച്ചത് പ്രതീക്ഷകളെ കരിച്ചു കളഞ്ഞിരുന്നു. എന്നാൽ ഇക്കുറി വെല്ലുവിളികൾ ഏറ്റെടുത്ത് ഫാം അധികൃതർ മൂന്നാം സീസണിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തെ നഷ്ടത്തിന്റെ പശ്ചാത്തലത്തിൽ ചെലവ് കുറച്ച് മൂന്ന് ഏക്കറിൽ മാത്രമാണ് കൃഷി ഇറക്കിയത്. ഇവ മികച്ച വിളവാണ് നൽകിയത്.
20,000 തൈകൾ, 60 ദിവസത്തിൽ വിളവെടുപ്പ്
കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ആറളം ഫാം. കഴിഞ്ഞ സീസണിൽ ചെണ്ടുമല്ലി, വാടാമല്ലി, ജമന്തി തുടങ്ങിയ പൂക്കളായിരുന്നു കൃഷി ചെയ്തതെങ്കിലും ശക്തമായ മഴയിൽ മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാനാകാത്ത വലിയ നഷ്ടമാണ് ഫാം നേരിട്ടത്. ഇത്തവണ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി നല്ലയിനം വിത്തുകൾ ശേഖരിച്ച് ഫാം നഴ്സറിയിൽ തന്നെ തൈകൾ ഉത്പാദിപ്പിച്ചാണ് കൃഷി ഇറക്കിയത്. ഇതോടെ തൈകൾക്കായുള്ള ചെലവ് മുൻ വർഷത്തേതിന്റെ നാലിലൊന്നായി കുറയ്ക്കാനായി.
ജൂൺ പകുതിയോടെ ആരംഭിച്ച കൃഷിയിൽ 20,000ത്തോളം തൈകളാണ് നട്ടത്. സന്ദർശകരെ ആകർഷിക്കുന്ന രീതിയിൽ മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ചെടികൾ കൃത്യമായ അകലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ആറളം ഫാമിലെ ബ്ലോക്ക് എട്ടിലെ അണുങ്ങോട് സുരക്ഷിത മേഖലയിൽ സോളാർ വേലിക്കുള്ളിലായിരുന്നു ഇത്തവണയും കൃഷി. ചെടികളെ ബാധിക്കുന്ന ചീയൽ രോഗങ്ങൾ കണ്ടെത്തി കൃത്യമായ പരിചരണം നൽകിയതോടെ ചെടികൾ രണ്ടു മാസം കൊണ്ട് തന്നെ വിളവെടുപ്പിന് പാകമായി. കാലാവസ്ഥ അനുകൂലമായാൽ സെപ്റ്റംബർ 15 വരെ പൂക്കൾ വിൽക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വെല്ലുവിളി കാലാവസ്ഥയും മൃഗങ്ങളും
കാലാവസ്ഥയിലുണ്ടായേക്കാവുന്ന മാറ്റത്തിനൊപ്പം വന്യമൃഗശല്യവുമാണ് പൂകൃഷിയുടെ പ്രധാന വെല്ലുവിളികൾ. വനമേഖലയോട് ചേർന്നു പൂപ്പാടമായതിനാൽ തന്നെ ഏതു സമയത്തും വന്യമൃഗങ്ങൾ കടന്നു വന്നേക്കും. ആന, കാട്ടുപന്നി, മലാൻ, കുരങ്ങ് എന്നിവയിൽ നിന്ന് കണ്ണിലെണ്ണയൊഴിച്ച് കാവൽ നിന്നാണ് ഇപ്പോൾ പൂപ്പാടത്തെ സംരക്ഷിച്ചു വരുന്നത്. നൂറ് ഏക്കറിലായി സോളാർ വേലിയുടെ സുരക്ഷിതത്വമുണ്ടെങ്കിലും കാട്ടാനകൾ എതു സമയത്തും വേലി തകർത്തേക്കാമെന്നതിനാൽ കാവലുൾപ്പടെ ശക്തമാക്കിയിട്ടുണ്ട്.
സന്ദർശകരെ ആകർഷിച്ച് പൂന്തോട്ടം
ഓണം മുന്നിൽക്കണ്ട് ഒരുക്കിയ പൂന്തോട്ടം സന്ദർശിക്കാൻ കുടുംബത്തോടൊപ്പവും സംഘങ്ങളായും എത്തുന്നവരുടെ തിരക്ക് ഏറെയാണ്. ഓടംതോട്–വളയംചാൽ പ്രധാന റോഡിനോട് ചേർന്നുള്ള പൂന്തോട്ടത്തിൽ പൂക്കൾ പൂർണമായി വിരിയുന്നതോടെ സന്ദർശകരുടെ വരവ് ഇനിയും കൂടും.
പൂക്കൾ നേരിട്ട് വാങ്ങുന്നതിനായി എത്തുന്നവരും നിരവധിയാണ്. സന്ദർശകരുടെ പ്രവേശനവും പൂക്കളുടെ വിൽപനയും ഫാമിന് അധിക വരുമാനമാകും.പൂക്കൾ കിലോയ്ക്ക് 150 രൂപ നിരക്കിലാണ് വിൽപന നടത്തുന്നത്.
സീസൺ മൂന്നിന്റെ വിളവെടുപ്പ് ഉത്സവം ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോർജ് ആലാംപള്ളി, ഫാം മാനേജിംഗ് ഡയറക്ടർ എസ്. സുജീഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ.പി. നിതീഷ് കുമാർ, മാർക്കറ്റിംഗ് ഓഫീസർ അനുപമ ചന്ദ്രൻ, ഫാം സൂപ്രണ്ട് എം.എസ്. പ്രണവ്, ഐ. ആയിഷ എന്നിവർ പങ്കെടുത്തു.