ഉൾവനങ്ങളിൽ ഫലവൃക്ഷങ്ങളും വിത്തുകളും നട്ടുപിടിപ്പിച്ച സംഘം
റാന്നി: കാടിന്റെ നിശബ്ദതയെ കീറിമുറിച്ച് യുവാക്കളുടെ കാലൊച്ചകൾ. കൈകളിൽ ഫലവൃക്ഷത്തൈകളും വിത്തുകളും. കാടിന്റെ അവകാശികളായ വന്യജീവികൾക്കായി ഭക്ഷണത്തോട്ടം ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം.
വന്യജീവികൾക്ക് അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ തന്നെ ഭക്ഷണം ലഭ്യമാക്കുന്നതിനും വനം, വന്യജീവി സംരക്ഷണത്തിനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന വന്യജീവി ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി ളാഹ വനമേഖലയിലെ ഉൾവനങ്ങളിൽ നടന്നത് വ്യത്യസ്തമായൊരു ഹരിത ദൗത്യമായിരുന്നു.
വനംവകുപ്പിന്റെയും മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെയും സഹകരണത്തോടെ മാർത്തോമ്മാ യുവജനസഖ്യം കേന്ദ്രകമ്മിറ്റിയംഗങ്ങൾ 5000 ഫലവൃക്ഷ വിത്തുകളും 750 ഫലവൃക്ഷത്തൈകളും വനാന്തരങ്ങളിൽ നട്ടുപിടിപ്പിച്ചു. ഞാവൽ, പേര, പ്ലാവ്, ആഞ്ഞിലി, ആത്ത, നെല്ലി, വേപ്പ്, മാവ് തുടങ്ങിയ ഫലവൃക്ഷങ്ങളുടെ വിത്തുകളും തൈകളുമാണ് കാടിന്റെ വിവിധ ഭാഗങ്ങളിൽ നട്ടത്. ഇവ നാളെ വന്യജീവികളുടെ ഭക്ഷണമാകുമെന്ന പ്രതീക്ഷയിലാണ് യുവാക്കൾ മടങ്ങിയത്.
20 പേരടങ്ങിയ മാർത്തോമ്മാ യുവജന സഖ്യം സംഘത്തെ വനാന്തരങ്ങളിലേക്ക് നയിച്ചത് ളാഹ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരും മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡന്റ് റെജി കൊപ്പാറയും ജനറൽ സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിലും ഷിജിൻ വർഗീസും മഞ്ഞത്തോട് ആദിവാസി ഉന്നതിയിലെ മൂപ്പൻ രാജുവും സുഹൃത്തുക്കളുമാണ്.
ദുർഘടമായ വനപാതകളും ഭൂപ്രദേശങ്ങളും പ്രതികൂല കാലാവസ്ഥയും യുവാക്കളുടെ ആവേശത്തിന് തടസമായില്ല. മനുഷ്യന്റെ ആവശ്യങ്ങൾക്കായി മാത്രം പ്രകൃതിയെ ഉപയോഗിക്കുന്ന സമീപനത്തിൽനിന്നുമാറി, പ്രകൃതിക്ക് ആവശ്യമായത് തിരിച്ചുനൽകുക എന്ന സന്ദേശമാണ് ഈ പ്രവർത്തനം മുന്നോട്ടുവയ്ക്കുന്നത്. വനമേഖലകളിൽ സ്വാഭാവികമായി ലഭിക്കുന്ന ഭക്ഷണത്തിന്റെ കുറവ് പലപ്പോഴും വന്യജീവികളെ ജനവാസമേഖലകളിലേക്ക് എത്തിക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാറുണ്ടെന്ന തിരിച്ചറിവിലാണ് പദ്ധതി ആരംഭിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. സ്വാഭാവിക ഫലവൃക്ഷങ്ങളുടെ വ്യാപനം വന്യജീവികൾക്ക് കാട്ടിനുള്ളിൽ തന്നെ ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള പ്രധാന മാർഗങ്ങളിലൊന്നാണ്.
ഇന്ന് വിത്ത്, നാളെ കാടിന്റെ ഭക്ഷണശാല
ഒരു വിത്ത് നട്ടതോടെ പ്രവർത്തനം അവസാനിക്കുന്നില്ല. അതിന്റെ വളർച്ചയും സംരക്ഷണവും തുടർപ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമാണ്. കേരളത്തിലെ വിവധ ജില്ലകളിലെ വനമേഖലകളിൽ സന്നദ്ധ സംഘടനകളെയും സർവകലാശാലാ വിദ്യാർഥികളെയും പങ്കെടുപ്പിച്ച് പദ്ധതി തുടരുമെന്ന് മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡന്റ് റെജി കൊപ്പാറയും ജനറൽ സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിലും പറഞ്ഞു.
മാർത്തോമ്മാ യുവജന സഖ്യം ജനറൽ സെക്രട്ടറി റവ. ബൈജു തോമസ്, അസിസ്റ്റന്റ് സെക്രട്ടറി റവ. മിഥുൻ ചാക്കോ, റവ. കെ. എസ്. റോജിൻ, അനു കെ. അലക്സ്, ഏബൽ കുര്യൻ സാജൻ, മാർത്തോമ്മാ വികസന സംഘം ഭദ്രാസന സെക്രട്ടറി മനോജ് ഡേവിഡ് കോശി, ഷിജിൻ വർഗീസ്, സാം മുള്ളുംകാട്ടിൽ എന്നിവർ നേതൃത്വം നൽകി.