പണി പൂർത്തീകരിക്കാത്ത ചെളിക്കുണ്ടായ സർവീസ് റോഡ്.
അമ്പലപ്പുഴ: സർവീസ് റോഡു നിർമാണം പാതിവഴിയിലാക്കി ദേശീയപാത നിർമാണം. ദുരിതയാത്രയിൽ നടുവൊടിഞ്ഞ് ജനം. ജില്ലയിലെ പല സ്ഥലങ്ങളിലും സർവീസ് റോഡുവഴിയാണ് ഗതാഗതമെങ്കിലും ഈ റോഡുകൾ തകർന്നിരിക്കുന്നത് മണിക്കൂറുകളാണ് ഗതാഗത കുരുക്കുകൾ സൃഷ്ടിക്കുന്നത്.
ഓടകളുടെ നിർമാണം പലയിടത്തും പൂർത്തിയാകാത്തതിനാൽ വെള്ളക്കെട്ട് രൂക്ഷമാണ്. കുഴിയേത് റോഡ് ഏത് എന്നു തിരിച്ചറിയാനാവത്ത സ്ഥിതി. റോഡിലെ വൻ ഗർത്തങ്ങളിൽ വീണ് അപകടങ്ങളും പതിവായി. ചേർത്തല 11-ാം മൈൽ, എക്സ്റേ, തങ്കിക്കവല എന്നിവിടങ്ങളിലെല്ലാം സർവീസ് റോഡ് തകർന്നിരിക്കുന്നതിനാൽ മണിക്കൂറുകളാണ് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്. കലവൂരിൽ വെള്ളക്കെട്ട് രൂക്ഷമാണ്.
ദേശീയപാതക്കരികിൽ നീർക്കുന്നം ജംഗ്ഷനു തെക്കുഭാഗത്ത് നാട്ടുകാരും യാത്രക്കാരും മാസങ്ങളായി യാത്രാ ദുരിതത്തിൽ വലയുകയാണ്. ഇവിടെ ഏതാനും മാസം മുന്പാണ് ദേശീയപാത നിർമാണമാരംഭിച്ചത്. ഇതിന് സമാന്തരമായി സർവീസ് റോഡു നിർമാണവും ആരംഭിച്ചിരുന്നു. എന്നാൽ, പുതിയ റോഡ് നിർമിക്കുന്നതിന് ഗ്രാവലിന് പകരം ഗുണനിലവാരം കുറഞ്ഞ പൂഴിമണ്ണിറക്കിയിട്ടതോടെയാണ് യാത്രാ ദുരിതമാരംഭിച്ചത്.
കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന ശക്തമായ മഴയിൽ പൂഴി ചെളിപോലെയായിക്കിടക്കുകയാണ്. ഇതിലൂടെ കാൽനടയാത്ര പോലും സാധ്യമാകാത്ത സ്ഥിതിയാണിപ്പോൾ.
ഇരുചക്ര വാഹനക്കാരടക്കം നിരവധി യാത്രക്കാരാണ് ഇവിടെ തെന്നി വീണത്. സർവീസ് റോഡ് കനത്ത മഴയിൽ വെള്ളക്കെട്ടിലായതിനാൽ പ്രദേശവാസികൾക്കും മറ്റുള്ളവർക്കും ഇതിലേ യാത്ര ചെയ്യാനും ബുദ്ധിമുട്ടായി. മാസങ്ങളായി തങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരം കാണാൻ ദേശീയപാതാ വികസന അഥോറിറ്റിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമൊന്നും തയാറാകുന്നില്ലെന്നും ഇവർ പരാതി പറയുന്നു.
ദേശീയപാതാ നിർമാണം വിലയിരുത്താൻ ഉദ്യോഗസ്ഥ സംവിധാനമില്ലാത്തതിന്റെ തെളിവാണ് നാട്ടുകാർ അനുഭവിക്കുന്ന ഈ ദുരിതത്തിന് കാരണം. അന്യ സംസ്ഥാന തൊഴിലാളികൾ മാത്രമാണ് റോഡ് നിർമാണത്തിനായി എത്തുന്നത്.
Tags : Nattuvishesham DistrictNews DeepikaNews Service roads