പ്രതീകാത്മക ചിത്രം
കൊച്ചി: ജില്ലയിലെ വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതിന്റെ ഭാഗമായി ആനകളെ ഉള്‍ക്കാടുകളിലേക്ക് തിരിച്ചയയ്ക്കുന്നതിനായി എല്ലാ ഫോറസ്റ്റ് ഡിവിഷനുകളെയും ഉള്‍പ്പെടുത്തി സംയുക്ത യജ്ഞം സംഘടിപ്പിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി റോജി എം.ജോണ്‍ പറഞ്ഞു. മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ചേര്‍ന്ന ജില്ലാതല നിയന്ത്രണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജനവാസ കേന്ദ്രങ്ങളിലേക്കും ആനകള്‍ ഇറങ്ങുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് എല്ലാ ഫോറസ്റ്റ് ഡിവിഷനുകളും ഒന്നിച്ച് സംയുക്ത യജ്ഞങ്ങള്‍ നടത്തണം. ഭൂതത്താന്‍കെട്ട് മുതല്‍ നേര്യമംഗലം വരെയുള്ള പ്രദേശങ്ങളില്‍ ഫലപ്രദമായ രീതിയില്‍ സോളാര്‍ ഫെന്‍സിംഗ്, ട്രെഞ്ചിംഗ്, സോളാര്‍ ലൈറ്റ് സ്ഥാപിക്കല്‍ എന്നിവയ്ക്കുള്ള നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം.
ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ ഉപേക്ഷിക്കുന്ന കോണ്‍ട്രാക്ടര്‍മാരെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തുന്നതിനും അവരുടെ ഡെപ്പോസിറ്റ് തുക തിരിച്ചെടുക്കുന്നതിനുമുള്ള നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണം. വനാതിര്‍ത്തിയിലെ അടിക്കാട് വെട്ടുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ജനകീയമായും ജനസൗഹാര്ദപരമായും നടത്തണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി വനം മന്ത്രിയുമായിതിരുവനന്തപുരത്ത് യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എംഎല്‍എമാരായ മനോജ് മൂത്തേടന്, ഷിബു തെക്കുംപുറം, കളക്ടര്‍ ജി.പ്രിയങ്ക, മലയാറ്റൂര്‍ ഡിഎഫ്ഒ കാര്‍ത്തിക് പനീര്‍, കോതമംഗലം ഡിഎഫ്ഒ സൂരജ് ബെന്‍, അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ.മനോജ്, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ കെ.എ. ജോസഫ്, സ്റ്റീഫന്‍ റോബി തുടങ്ങിയവര്‍ പങ്കെടുത്തു.