പ്രതീകാത്മക ചിത്രം
വെള്ളറട: അമ്പൂരിയില്‍ കെഎസ്ഇബിയുടെ 100 കിലോയോളം വരുന്ന അലുമിനിയത്തിന്റെ ഇലക്ട്രിക് കമ്പി മോഷ്ടിക്കാന്‍ ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥിയെ പൊലീസ് പിടികൂടി. മൂന്നുപേര്‍ രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം വൈകുന്നേരം 5:30 ഓടെയായിരുന്നു സംഭവം. അമ്പൂരിയില്‍ വിനോദസഞ്ചാരത്തിനായി രണ്ടു ബൈക്കുകളിലായി നാലു വിദ്യാര്‍ഥികളാണ് എത്തിയത്. പഞ്ചായത്ത് ഓഫീസിനു സമീപത്തെ കെഎസ്ഇബി. ഓഫീസിനു മുന്നിലിരുന്ന 100 കിലോയോളം വരുന്ന അലുമിനിയം കമ്പികളാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. വിദ്യാര്‍ഥികളിലൊരാള്‍ അലുമിനിയം കമ്പികളുടെ ചുരുള്‍ അഴിക്കുന്നതു കുമ്പിച്ചല്‍കടവില്‍ പട്രോളിംഗ് കഴിഞ്ഞു തിരികെ വരികയായിരുന്ന പൊലീസ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
പൊലീസിനെ കണ്ടതോടെ മറ്റു വിദ്യാര്‍ഥികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് നെയ്യാറ്റിന്‍കര സ്വദേശികളായ പ്ലസ് ടു വിദ്യാര്‍ഥികളാണെന്നും അമ്പൂരിയില്‍ സ്ഥലംകാണാന്‍ എത്തിയതാണെന്നും അറിയുന്നത്. കേസെടുത്ത ശേഷം രക്ഷകര്‍ത്താക്കളെ വിളിച്ചുവരുത്തി കുട്ടിയെ വിട്ടയച്ചു.
അതേസമയം, കഴിഞ്ഞ ദിവസം കാറ്റിലും മഴയിലും വ്യാപകമായി വൈദ്യുതി തകരാറുകള്‍ സംഭവിച്ചിരുന്നു. ഇതിന്റെ പണിത്തിരക്കിലായതിനാല്‍ ജീവനക്കാര്‍ ഓഫീസ് പരിസരത്ത് ഇല്ലാതിരുന്നതാണു വിദ്യാര്‍ഥികള്‍ക്ക് മോഷണത്തിന് അവസരമൊരുക്കിയത്.
Tags : Nattuvishesham Local News Students Amburi aluminum wires