കായനാട് ശൂലം വെള്ളച്ചാട്ടത്തിന് സമീപം പാറമടയിലേക്ക് മണ്ണിടിഞ്ഞപ്പോള്.
മൂവാറ്റുപുഴ: ദിവസങ്ങളായി പെയ്ത കനത്ത മഴയില് പാറമടയിലേക്ക് മണ്ണിടിഞ്ഞ് വീണു. മാറാടി പഞ്ചായത്തിലെ കായനാട് ശൂലം വെള്ളച്ചാട്ടത്തിന് സമീപം സ്ഥിതിചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ പാറമടയിലാണ് മണ്ണിടിച്ചില് ഉണ്ടായത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് വലിയ ശബ്ദത്തോടെ മണ്ണ് പാറമടയിലേക്ക് പതിച്ചത്. ഉരുള്പൊട്ടും പോലെ കല്ലും മണ്ണും പാറമടയിലേക്ക് കുതിച്ചെത്തുന്നത് സമീപത്തെ പൈനാപ്പിള് തോട്ടത്തില് ജോലി നോക്കിയിരുന്നവരാണ് ആദ്യം കണ്ടത്.
ആദ്യം കുറച്ച് ഭാഗം ഇടിഞ്ഞു. പിന്നീടാണ് കൂടുതല് ഭാഗം ഇടിഞ്ഞ് പാറമടയിലെ വെള്ളത്തിലേക്ക് വീണത്. 25 മീറ്ററോളം നീളത്തില് 30 അടി താഴ്ചയിലേക്കാണ് മണ്ണ് പതിച്ചത്. ഇതോടൊപ്പം തെങ്ങ് ഉള്പ്പെടെയുള്ള മരങ്ങളും നിലംപൊത്തി. പാറമടയിലെ വെള്ളം സമീപത്തുള്ള ശൂലം തോട്ടിലേക്ക് കുത്തിയൊഴുകി. സമീപപ്രദേശങ്ങളില് ഇതിന്റെ മുഴക്കം കേട്ടതായി നാട്ടുകാര് പറഞ്ഞു. ശൂലം മലയുടെ പടിഞ്ഞാറു ഭാഗത്തേക്കുള്ള റോഡിന് 30 മീറ്റര് താഴെയാണ് മണ്ണിടിഞ്ഞത്. തുടര്ന്നും മണ്ണിടിഞ്ഞാല് റോഡിനും ഭീഷണിയാകും.