പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യുവമോര്‍ച്ച തിരുവനന്തപുരം നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ നേരിയ സംഘർഷം. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.
ജലപീരങ്കി പ്രയോഗത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഖില്‍ എ. എസ്, ജില്ലാ ജനറല്‍ സെക്രട്ടറി ജിഷ്ണു നാവായ്ക്കുളം, കിളിമാനൂര്‍ മണ്ഡലം പ്രസിഡന്റ് ജിതിന് കിളിമാനൂര്‍, നെടുമങ്ങാട് മണ്ഡലം കമ്മിറ്റി അംഗം ബിബിന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച നോർത്ത് ജില്ലാ പ്രസിഡന്റ് സൂര്യ കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. സുധീർ, ബിജെപി തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡന്റ് റജികുമാർ തുടങ്ങിയവർ മാർച്ചിനു നേതൃത്വം നൽകി
Tags : Nattuvishesham Local News PSC struggle youth march