വന്യമൃഗപ്രതിരോധ വൈദ്യുതവേലി കാടുകയറി നശിച്ച നിലയിൽ
കേളകം: കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള അമ്പായത്തോട് മേലെ പാൽചുരം വനാതിർത്തിയിൽ വന്യമൃഗങ്ങളുടെ കടന്നുകയറ്റം തടയാൻ സ്ഥാപിച്ച വൈദ്യുതവേലി പരിപാലനമില്ലാതെ കാടുകയറി നശിക്കുന്നതായി പരാതി. വേലിക്ക് ചുറ്റും കാടും വള്ളികളും പടർന്നുപിടിച്ചതോടെ പല ഭാഗങ്ങളിലും പ്രതിരോധ സംവിധാനം പ്രവർത്തനരഹിതമായിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
കേളകം: കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള അമ്പായത്തോട് മേലെ പാൽചുരം വനാതിർത്തിയിൽ വന്യമൃഗങ്ങളുടെ കടന്നുകയറ്റം തടയാൻ സ്ഥാപിച്ച വൈദ്യുതവേലി പരിപാലനമില്ലാതെ കാടുകയറി നശിക്കുന്നതായി പരാതി. വേലിക്ക് ചുറ്റും കാടും വള്ളികളും പടർന്നുപിടിച്ചതോടെ പല ഭാഗങ്ങളിലും പ്രതിരോധ സംവിധാനം പ്രവർത്തനരഹിതമായിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. പലതവണ കാട്ടാനകൾ ജനവാസ മേഖലയിലും കൃഷിയിടങ്ങളിലുമായി കയറി വ്യാപക കൃഷിനാശവും ഭീതിയും വിതച്ചിട്ടും വൈദ്യുതവേലി കാര്യക്ഷമമാക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടിയെടുത്തിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെ കർഷകർ നിരന്തരമായ കാട്ടാന ശല്യം മൂലം ദുരിതത്തിലാണെന്നും പരാതിയുണ്ട്. സമാന്തരമായി സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി ലൈനുകളിൽ ഏതെങ്കിലും ഒന്നിൽ കാടും വള്ളികളും പടർന്നുകയറിയാൽ വൈദ്യുതി ഷോർട്ട് സംഭവിച്ച് വേലിയുടെ പ്രവർത്തനം പൂർണമായും തടസപ്പെടും. ഇതോടെ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾക്ക് യാതൊരു പ്രതിരോധവുമില്ലാതെ ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും കടന്നുകയറാൻ സാഹചര്യമൊരുങ്ങുകയാണ്.
മഴക്കാലത്ത് കാടിന്റെ വളർച്ച കൂടുതൽ രൂക്ഷമാകുന്നതിനാൽ വൈദ്യുതി വേലി അടിയന്തരമായി ശുചീകരിച്ച് പ്രവർത്തനക്ഷമമാക്കണമെന്നും, സ്ഥിരം പരിപാലനത്തിനായി ജീവനക്കാരെ നിയോഗിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ കാട്ടാന ശല്യവും കൃഷിനാശവും വീണ്ടും വർധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
Tags : Nattuvishesham DistrictNews DeepikaNews Palchuram region