അതിരമ്പുഴ: മഹാത്മഗാന്ധി യൂണിവേഴ്സിറ്റി സെനറ്റിൽ ബിജെപി–ആർഎസ്എസുകാരെ കുത്തിനിറച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് മാർച്ച് നടത്തി.
യൂണിവേഴ്സിറ്റി കവാടത്തിനു സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിൽ എത്തിയപ്പോൾ പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു.
സർവകലാശാലയെ കാവിവൽക്കരിക്കുന്ന ഗവർണറുടെ നടപടി പിൻവലിക്കുക, യുഡിഎഫ് സർക്കാർ വിഷയത്തിൽ മറുപടി പറയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. അമൽ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രാഹുൽ രാജേന്ദ്രൻ, ജില്ലാ പ്രസിഡന്റ് അസ്ലം മുഹമ്മദ്, വൈഷ്ണവി എന്നിവർ പ്രസംഗിച്ചു.