പ്രതീകാത്മക ചിത്രം
രാജാക്കാട്: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി രാജക്കാട് ടൗണിലും ബസ് സ്റ്റാൻഡിലും സമീപ പ്രദേശങ്ങളിലും ഉടുമ്പൻചോല എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലും വാഹന പരിശോധനകളിലുമായി 61 ഗ്രാം കഞ്ചാവുമായി ആറു പേരെ അറസ്റ്റ് ചെയ്തു. രാജാക്കാട് ബസ് സ്റ്റാൻഡിനു സമീപത്തുനിന്ന് 25 ഗ്രാം കഞ്ചാവുമായി മുക്കുടി സിറ്റിയിൽ പുത്തൻപറമ്പിൽ ബിജു മാത്യു(55), മകൻ അലൻ ബിജു (23) എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. തുടരന്വേഷണത്തിൽ ഇവർക്ക് കഞ്ചാവ് വിറ്റ രാജക്കാട് കടുവാകുഴിയിൽ റോബിൻ റെജി (27)യെ 30 ഗ്രാം കഞ്ചാവുമായി പിടികൂടി. ബീഹാറിൽ സ്കൂൾ അധ്യാപകനായ റോബിൻ രണ്ടു മാസത്തെ അവധിക്ക് നാട്ടിൽ എത്തിയപ്പോൾ അവിടെനിന്നു കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പലർക്കായി വിൽപന നടത്തുകയായിരുന്നു.
പഴയവിടുതി, മുക്കുടിപ്പാലം കുരിശുപാറ ഭാഗത്ത് നടത്തിയ പരിശോധനയിൽ ആറു ഗ്രാം കഞ്ചാവും ബീഡികളുമായി കൈത്തുങ്കൽ ഷാൻ രാജീവ് (22), കണ്ടത്തിൽ ഷെബിൻ (26), കയ്യാനിക്കൽ സഞ്ജീവ് ജോബി (21) എന്നിവരെയും പിടികൂടി. ഏലക്കാട്ടിൽ ഒത്തുകൂടി കഞ്ചാവ് വലിക്കുമ്പോഴാണ് ഇവർ എക്സൈസിന്റെ പിടിയിലായത്.
റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ. ഷനേജ്, പ്രിവന്റീവ് ഓഫീസർമാരായ വി.ജെ. ജോഷി, എം.ആർ. രതീഷ്കുമാർ, കെ. രാധകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ടിൽസ് ജോസഫ്, ജി. രേഖ എന്നിവർ പങ്കെടുത്തു.