പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: സാമൂഹമാധ്യമങ്ങളും ഓണ്‍ലൈന്‍ ആപ്പുകളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന് അംഗം അഡ്വ. പി. കുഞ്ഞായിഷ. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍. സൈബര്‍ സെല്‍, ഐടി ആക്ട് എന്നിവയില്‍ പൊതുസമൂഹത്തില്‍ ശക്തമായ ബോധവത്കരണം നടത്തണം. നിയമാവബോധത്തിലെ കുറവാണ് യുവതലമുറ പലപ്പോഴും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ അപകടങ്ങളില്പ്പെടുന്നതിന് ഇടയാക്കുന്നത്.
സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും ദുരുപയോഗപ്പെടുത്തി കുട്ടികളെയും സ്ത്രീകളെയും മോശമായി ചിത്രീകരിക്കുന്ന ഓണ്‍ലൈന്‍ ആപ്പുകള്‍ വ്യാപകമാണ്. മോര്‍ഫിംഗ്, സൈബര്‍ സ്റ്റോക്കിംഗ് ഉള്‍പ്പെടെ നടത്തി സ്ത്രീകളെ മോശമായി ചിത്രീകരിക്കാനും ഭീഷണിപ്പെടുത്താനും തെറ്റായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനും പ്രവണത കൂടുകയാണെന്നും അവര്‍ പറഞ്ഞു. അദാലത്തില്‍ പരിഗണിച്ച 32 പരാതികളില്‍ പത്തെണ്ണം തീര്‍പ്പാക്കി. രണ്ട് കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. 20 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി.