കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റത്ത് ഇരുചക്ര വാഹന സ്പെയർപാർട്സ് ഷോറൂമും ബൈക്കുകളും കത്തിനശിച്ചതിനു പിന്നാലെ കാണാതായ 16 വയസുകാരന് മരിച്ചനിലയിൽ. കണ്ണംവെളി വീട്ടിൽ ശ്രീഹരിയെയാണ് എടയ്ക്കാട്ടുവയൽ വറുങ്ങിൻ ചുവടിന് സമീപത്തെ വിജനമായ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നോ നാലോ ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.
ബൈക്കും സ്പെയര്‍പാർട്സുകളും വിൽക്കുന്ന ഷോറൂമും സമീപത്തുണ്ടായിരുന്ന ഏതാനും ബൈക്കുകളും കത്തിനശിച്ച കേസിൽ പോലീസ് ശ്രീഹരിയെ സംശയിച്ചിരുന്നു. സംഭവത്തിൽ മുളന്തുരുത്തി പോലീസാണ് അന്വേഷണം നടത്തുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
തീപിടിത്തം നടന്നതിനു തൊട്ടടുത്തുള്ള ദിവസങ്ങളിലാണ് മരണം സംഭവിച്ചത് എന്നാണ് നിഗമനം. കെട്ടിടത്തിലെ വൈദ്യുതി കണക്ഷന് സംബന്ധിച്ച പരിശോധനയ്ക്ക് കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തിയപ്പോൾ ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറാണ് ശ്രീഹരിയുടെ പിതാവ്.
സംശയ നിഴലിലാക്കിയത് സിസി ടിവി ദൃശ്യങ്ങൾ
കഴിഞ്ഞ 10ന് പുലർച്ചെയാണ് കാഞ്ഞിരമറ്റത്തെ ഇരുചക്ര സ്പെയർപാർട്സ് കടയില്‍ വൻ തീപിടിത്തമുണ്ടാകുന്നതും പിന്നാലെ ശ്രീഹരിയെ പോലീസ് സംശയിക്കുന്നതും. തീപിടുത്തത്തിന് തൊട്ടുമുമ്പ് ഒരു കൗമാരക്കാരൻ കുപ്പിയുമായി സംഭവസ്ഥലത്ത് എത്തുന്നതും തീ പടർന്നയുടൻ അവിടെനിന്ന് ഓടിപ്പോകുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തീപിടുത്തത്തിൽ 25 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കണക്കാക്കുന്നത്. മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകൾ പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തീപിടിത്തത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ലഹരിമരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരും വ്യാപാരികളും ചേർന്ന് ശ്രീഹരിയെ പിടികൂടി ചോദ്യം ചെയ്തിരുന്നതായി പറയപ്പെടുന്നു. ഇതിന്റെ പ്രതികാരമായാണോ കടയ്ക്ക് തീയിട്ടതെന്നായിരുന്നു പോലീസ് സംശയം.
തീപിടിത്തത്തിന് ശേഷമുള്ള ദിവസം, മൃതദേഹം കണ്ടെത്തിയ ആളൊഴിഞ്ഞ വീടിന് രണ്ട് വീടുകൾക്കപ്പുറമുള്ള വീട്ടിലാണ് ശ്രീഹരി കഴിഞ്ഞത് എന്ന് പോലീസ് കണ്ടെത്തിയിരുന്നു. അതിന്റെ പിറ്റേന്ന് ഇവിടെനിന്ന് പോവുകയായിരുന്നു. തീപിടിത്തവുമായി ബന്ധപ്പെട്ട് ആരോപണങ്ങും പോലീസ് അന്വേഷണവും വന്നതോടെ കുട്ടി പരിഭ്രാന്തനായെന്നാണ് കരുതുന്നതെന്ന് പോലീസ് പറയുന്നു.
കുട്ടിയെ കാണാതായ കാര്യം കുടുംബം അറിയിച്ചിരുന്നു. അറസ്റ്റ് ഭയന്ന് കുട്ടി ഒളിവിൽ പോയി എന്നായിരുന്നു പോലീസ് കരുതിയിരുന്നത്. അതേ സമയം മനപൂർവം തീവച്ചതാണോ അതോ അബദ്ധത്തിൽ സംഭവിച്ചതാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കടയുടമയുമായി ശ്രീഹരിക്ക് മുൻവൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ആ സമയത്തെ സിസിടിവി ദൃശ്യങ്ങളാണ് കുട്ടിയെ സംശയനിഴലിലാക്കിയത്.
കടയ്ക്കുള്ളിൽനിന്ന് ഓയിലോ മറ്റോ ശേഖരിക്കാൻ കയറിയപ്പോൾ സിഗരറ്റിൽ നിന്നോ ലൈറ്ററിൽ നിന്നോ ഉള്ള തീപ്പൊരി പടർന്ന് അബദ്ധത്തിൽ തീപിടിച്ചതാകാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.
Tags : Local News Nattuvishesham Ernakulam