കടനാട് പഞ്ചായത്തിലെ ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ മെയിന്‍ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി കെ. മുരളീധരന് നിര്‍വഹിക്കുന്നു. മാണി സി. കാപ്പന് എംഎല്‍എ സമീപം.
കടനാട്: സര്‍ക്കാര്‍ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ. മുരളീധരന്. കടനാട് പഞ്ചായത്തിലെ ആയുഷ് മാന്‍ ആരോഗ്യ മന്ദിര്‍ മെയിന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ആശുപത്രികളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ഉടൻ ചര്‍ച്ച നടത്തും. സാധ്യമായ നിയമനങ്ങള്‍ നടത്താനാണ് ശ്രമിക്കുന്നത്. റോബോട്ടിക് ചികിത്സ അടക്കമുള്ളവ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊണ്ടുവരും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വെര്‍ച്വല്‍ ഓട്ടോപ്സിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഹെല്‍ത്ത് ഗ്രാൻഡില്‍ ഉള്‍പ്പെടുത്തി 55.5 ലക്ഷം രൂപ ചെലവഴിച്ചാണ് കടനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തോടനുബന്ധിച്ചുള്ള മെയിന്‍ സെന്ററായ ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ നിര്‍മിച്ചിരിക്കുന്നത്.
ഒപി സേവനങ്ങള്‍, പ്രതിരോധ കുത്തിവയ്പ്, നവജാതശിശു ആരോഗ്യ സംരക്ഷണം, ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട ചികിത്സ, സൗജന്യ മരുന്ന്, സൗജന്യ ലാബ് ഡയഗ്നോസ്റ്റിക്, കുടുംബാസൂത്രണം, കൗമാരക്കാരുടെ ആരോഗ്യം, വയോജനങ്ങള്‍ക്ക് സാന്ത്വന പരിചരണം, മാനസികാരോഗ്യം, സാംക്രമിക-സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധം, ബോധവത്കരണ ക്ലാസുകള്‍, ഇ-സഞ്ജീവനി, ടെലി കണ്സല്ട്ടേഷന്, വിഷയാധിഷ്ഠിത ക്ലിനിക്, പേഷ്യന്റ് സപ്പോര്‍ട്ട് ഗ്രൂപ്പ്, കാന്‍സര്‍ സ്ക്രീനിംഗ് തുടങ്ങിയ സേവനങ്ങള്‍ ഈ കേന്ദ്രത്തില്‍ ലഭിക്കും.
മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്ലാക്കൂട്ടം, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി, വൈസ് പ്രസിഡന്റ് മണിക്കുട്ടി സന്തോഷ്, കടനാട് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷേര്‍ലി സാബു, സ്നേഹ തോമസ്, പഞ്ചായത്ത് സെക്രട്ടറി എം.എസ്. പ്രീത, പഞ്ചായത്ത് അംഗങ്ങൾ എന്നിവര്‍ പ്രസംഗിച്ചു.