കൊച്ചി: സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് അവതരിപ്പിച്ച ബജറ്റില്‍ കൊച്ചിക്ക് നേട്ടം. മുഖ്യമന്ത്രി സ്വന്തം ജില്ലയ്ക്കായി നിരവധി വികസന പദ്ധതികളും സാമ്പത്തിക സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ചലച്ചിത്ര വ്യവസായം, വിനോദ സഞ്ചാരം, ആരോഗ്യരംഗം, പൊതുഗതാഗതം, തുറമുഖ സമുദ്ര മേഖല, വ്യോമയാന മേഖല, നീതിന്യായം, വ്യവസായം തുടങ്ങിയ മേഖലകള്‍ക്ക് പുത്തൻ ഉണര്‍വ് പകരുന്ന പദ്ധതികളാണ് ബജറ്റിലുള്ളത്. ഇവയെല്ലാം കൊച്ചിയുടെ വികസന ഭൂപടത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കമിടുമെന്നാണ് പ്രതീക്ഷ. കൊച്ചിക്കായുള്ള പ്രധാന പ്രഖ്യാപനങ്ങള്‍.
ജെ.സി. ഡാനിയലിന്റെ പേരിൽ ഫിലിം സിറ്റി
മലയാള ചലച്ചിത്ര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ - അന്തര്‍ദേശീയ ചലച്ചിത്ര പ്രവര്‍ത്തകരെ ആകര്‍ഷിക്കുന്നതിനുമായി കൊച്ചിയില്‍ ജെ.സി. ഡാനിയലിന്റെ പേരില്‍ അന്താരാഷ്ട്ര ഫിലിം സിറ്റി- ചിത്രനഗരം സ്ഥാപിക്കും. സിനിമയ്ക്ക് വ്യവസായ പദവി നല്കല്, അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി സ്ഥിരം വേദി സൃഷ്ടിക്കല്‍, ആന്റി പൈറസി സെല്ലുകള്‍ രൂപീകരിക്കല്‍, ദേശീയ- അന്താരാഷ്ട്ര സിനിമ നിര്‍മാണത്തെ ആകര്‍ഷിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തല്‍ എന്നിവ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പദ്ധതിക്കായി 100 കോടി വകയിരുത്തിയിട്ടുണ്ട്.
ഏവിയേഷന്‍ ഹബ്ബ്
കൊച്ചി ഉള്‍പ്പെടെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കേരളത്തെ ഏഷ്യയിലെ ഏവിയേഷന്‍ ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റും. വര്‍ധിച്ചുവരുന്ന വ്യോമയാന ആവശ്യകത, കയറ്റുമതി -ലോജിസ്റ്റിക്സ്, വിനോദ സഞ്ചാര മേഖലകളിലെ സാധ്യതകള്‍ എന്നിവ കണക്കിലെടുത്താണിത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി രൂപയാണ് അനുവദിച്ചത്.
ഗ്ലോബല്‍ ഫര്‍ണീച്ചര്‍ ഹബ്ബ്
ഇന്ത്യയിലെ ഏറ്റവും വലിയ പ്ലൈവുഡ് നിര്‍മാണ കേന്ദ്രങ്ങളിലൊന്നായ പെരുമ്പാവൂരിനെ പ്രധാന പ്ലൈവുഡ് ഫര്‍ണീച്ചര്‍ നിര്‍മാണ കോറിഡോറായി അംഗീകരിച്ച്, കൊച്ചി- ആലുവ - പെരുമ്പാവൂര്‍ മേഖലയെ ഒരു പ്രമുഖ ഫര്‍ണിച്ചര്‍ ഹോംവെയര്‍ നിര്‍മാണ ഹബ്ബായി സര്‍ക്കാര്‍ വികസിപ്പിക്കും. ഇതിലെ അടിസ്ഥാന സൗകര്യ വികസനത്തിനും പരിശീലന പരിപാടികള്‍ക്കുമായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളുമായി സഹകരിച്ച് കേരളത്തെ അവരുടെ വിതരണ ശൃംഖലയുടെ ഭാഗമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അതിനായി പ്ലൈവുഡ് യൂണിറ്റുകള്‍ വിപുലീകരിക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പദ്ധതികള്‍ നടപ്പാക്കും. ഫര്‍ണീച്ചറുകളുടെയും ഹോം വെയറുകളുടെയും രൂപകല്പനയ്ക്കും നിര്‍മാണത്തിനും സമഗ്ര പരിശീലന പരിപാടി ആരംഭിക്കും.
ഗ്ലോബല്‍ ഗോള്‍ഡ് ഹബ്ബ്
ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോഗ സംസ്ഥാനമാണ് കേരളമെങ്കിലും സ്വര്‍ണാഭരണ നിര്‍മാണ മേഖലയില്‍ പിന്നിലാണ്. കേരളത്തെ സ്വര്‍ണ വിനിമയ കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി കൊച്ചി - തൃശൂര്‍ മേഖലയെ ഒരു പ്രധാന സ്വര്‍ണാഭരണ നിര്‍മാണ ഇടനാഴിയായി വികസിപ്പിക്കും. ഇതിന്റെ ഭാഗമായി സ്വര്‍ണ വിനിമയ കേന്ദ്രവും ആഭരണ നിര്‍മാണ പാര്‍ക്കും സ്ഥാപിക്കും. കുട്ടികളെ ആഭരണ ഡിസൈനര്‍മാരും നിര്‍മാതാക്കളുമായി വളര്‍ത്തുന്നതിന് ആവശ്യമായ പരിശീലനം നല്‍കും. ഈ പദ്ധതിക്കായി 10 കോടി അനുവദിച്ചു.
സലിംകുമാറിന് സ്മാരകം
അന്തരിച്ച പ്രശസ്ത നടന് സലിംകുമാറിന് എറണാകുളത്ത് സ്മാരകം നിര്‍മിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചു.
ഗ്ലോബല്‍ കണ്വൻഷന് സെന്റര്‍
കൊച്ചി വിമാനത്താവളത്തോടനുബന്ധിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബൽ കണ്വൻഷൻ സെന്റർ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതുൾപ്പെടെ കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കുന്നതുൾപ്പെടെയുള്ള പദ്ധതികളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 200 കോടി രൂപയും വകയിരുത്തി.
കൊച്ചി പോര്‍ട്ട് മാനുഫാക്ചറിംഗ് സോണുകള്‍
കൊച്ചി തുറമുഖത്തിന് ചുറ്റുമായി വ്യാവസായിക നിര്‍മാണ മേഖലകള്‍ (ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിംഗ് സോണ്‍സ്), സ്റ്റഫിംഗ് സെന്ററുകള്‍, ഡ്രൈ പോര്‍ട്ട് എന്നിവ സ്ഥാപിക്കും.
യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി
കൊച്ചിയില്‍ നിലവിലുള്ള ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
ആര്ബിട്രേഷന് കോടതി
നീതിന്യായ സംവിധാനത്തിന്റെ കാര്യക്ഷമത, സുതാര്യത, സേവനലഭ്യത എന്നിവ മെച്ചപ്പെടുത്തുന്നതിനായി ആധുനികവത്കരണം, ഡിജിറ്റല്‍ പരിവര്‍ത്തനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. ഹൈക്കോടതിയിലും ജില്ലാ നീതിന്യായ സംവിധാനത്തിലും ഐസിടി ഉപകരണങ്ങള്‍ ലഭ്യമാക്കും. കൊച്ചിയില്‍ ഒരു ആര്ബിട്രേഷന് കോടതി സ്ഥാപിക്കും.
കിന്‍ഫ്ര, ഇന്‍കെല്‍ ശക്തിപ്പെടുത്തും
ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയകള്‍ സമയബന്ധിതവും സുതാര്യവും പ്രഫഷണലുമായി കൈകാര്യം ചെയ്യുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ ഏജന്‍സികളായ കിന്‍ഫ്ര, ഇന്‍കെല്‍ എന്നിവയെ ശക്തിപ്പെടുത്തും.
ഗ്രീന്‍ മാര്‍ഷല്‍സ് പദ്ധതി
ഫോര്‍ട്ടുകൊച്ചി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ഗ്രീന്‍ മാര്‍ഷല്‍സ് പദ്ധതി ആരംഭിക്കും. ഈ പദ്ധതിയുടെ ഭാഗമായി സ്ത്രീകളെ ഗ്രീന്‍ മാര്‍ഷല്‍മാരായി പരിശീലിപ്പിക്കുകയും വിന്യസിക്കുകയും ചെയ്ത് ശുചിത്വം, ഉത്തരവാദിത്വപരമായ സന്ദര്‍ശക പെരുമാറ്റം, പരിസ്ഥിതി അവബോധം എന്നിവ പ്രോത്സാഹിപ്പിക്കും.
മുസിരിസ് ടൂറിസം പദ്ധതി
മുസിരിസ് ടൂറിസം പദ്ധതി പ്രദേശങ്ങളിലെ പുരാതന സ്മാരകങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദമായ ടൂറിസം വികസിപ്പിക്കുന്നതിനായി മുസിരിസ് ടൂറിസം പദ്ധതി കൂടുതല്‍ വിപുലമാക്കി ഹെറിറ്റേജ് ടൂറിസത്തിന്റെ ഇന്ത്യയിലെ ഏറ്റവും പ്രധാന കേന്ദ്രമാക്കി മാറ്റും. ലൈവ് മ്യൂസിയം, പൈതൃക മ്യൂസിയങ്ങള്‍, പരമ്പരാഗത ജലപാതകളിലൂടെയുള്ള ബോട്ടുയാത്ര എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പദ്ധതിക്കായി 19 കോടി രൂപ വകയിരുത്തി.
കൂനമ്മാവ് തീര്‍ഥാടന കേന്ദ്രത്തില്‍ തുടര്‍നിര്‍മാണം
വിശുദ്ധ ചാവറയച്ചന്റെ സ്മരണ നില്‍നിര്‍ത്താനായി കൂനമ്മാവ് സെന്റ് ഫിലോമിനാസ് ആന്‍ഡ് സെന്റ് ചാവറ തീര്‍ഥാടന കേന്ദ്രത്തിന് അദ്ദേഹം ഉപയോഗിച്ചിരുന്ന 175 വര്‍ഷം പഴക്കമുള്ള മുറി, ആശ്രമ കെട്ടിടം, ചരിത്ര സാംസ്കാരിക മ്യൂസിയം എന്നിവയുടെ തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
ഗോശ്രീ- ബോള്‍ഗാട്ടി സമാന്തര പാലം
ഗോശ്രീ- ബോള്‍ഗാട്ടി സമാന്തര പാലം നിര്‍മിക്കുന്നതിനും ഗോശ്രീ- മാമംഗലം റോഡിന് ആവശ്യമായ സ്ഥലമേറ്റെടുക്കുന്നതിനും പ്രാരംഭ പ്രവർത്തനങ്ങൾക്കുമായി ഒരു കോടി രൂപ അനുവദിച്ചു.
ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം
കോതമംഗലം നിയോജക മണ്ഡലത്തിലെ ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.
വന്യജീവി ശല്യത്തിൽനിന്ന് സംരക്ഷണം
സംസ്ഥാനത്ത് മലയോര കര്‍ഷകരും മറ്റു ജനങ്ങളും വന്യജീവി ആക്രമണങ്ങളുടെ ഭീഷണിയിലാണ്. മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും. ഇതിനായി 192.20 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. വന്യജീവി ശല്യം ഏറെ രൂക്ഷമായ പ്രദേശങ്ങളില്‍ കൂടുതല്‍ ആര്‍ആര്‍ടി സംഘത്തെ വിന്യസിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
ഈ പ്രഖ്യാപനത്തിലൂടെ ജില്ലയിലെ മലയോര മേഖലകളായ കോട്ടപ്പടി, പൂയംകുട്ടി, നേര്യമംഗലം, കോതമംഗലം, കീരംപാറ, കുട്ടമ്പുഴ, പിണ്ടിമന എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കാണ് പ്രയോജനമുണ്ടാകുന്നത്.
Tags : Local News Nattuvishesham Ernakulam