ചെറുതോണി: കാലഹരണപ്പെട്ട ഭൂനിയമം റദ്ദ് ചെയ്ത് പരിഷ്കരിച്ച രണ്ടാം ഭൂനിയമം നടപ്പാക്കുമെന്ന് റോയി കെ. പൗലോസ് എംഎല്‍എ പത്രസമ്മേളനത്തില്‍ അറിയിച്ചു. എല്‍ഡിഎഫ് കൊണ്ടുവന്ന ഭൂ ഭേദഗതി നിയമം, ഭൂനിയമം കൂടുതല്‍ സങ്കീര്‍ണമാക്കുകയായിരുന്നു. ഇതു പരിഹരിക്കാന്‍ പുതിയ നിയമനിര്‍മാണം നടത്തുമെന്നും എംഎല്‍എ പറഞ്ഞു.
ഇടുക്കിയിലെ അര്‍ഹതപ്പെട്ട മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്‍കുന്നതിനുള്ള തടസങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നിയമനിര്‍മാണം നടത്തും. സിഎച്ച്ആര്‍ മേഖലയിലെ നിര്‍മാണ നിരോധനം പരിഹരിക്കും. പത്തുചെയിന്‍ പ്രദേശത്തെ തടസങ്ങള്‍ പരിഹരിച്ച് അര്‍ഹരായ കര്‍ഷകര്‍ക്കു പട്ടയം നല്‍കും.
ഇടുക്കിയിലെ ഭൂവിഷയങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയും റവന്യൂ വകുപ്പ് മന്ത്രിയും പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കും. ഇടുക്കി മെഡിക്കല്‍ കോളജില്‍ അടിസ്ഥാന വികസനം നടപ്പാക്കുന്നതിന് കളക്ടറുടേയും ഉദ്യോഗസ്ഥരുടേയും യോഗം രണ്ടു തവണ ചേര്‍ന്നു.
അടിയന്തരമായി പൂര്‍ത്തിയാക്കേണ്ട റോഡ്, കെട്ടിടം, ഹോസ്റ്റല്‍, ഓപ്പറേഷന് തിയറ്റര്‍ എന്നിവയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ആശുപത്രിയില്‍ സ്ഥിരം സൂപ്രണ്ടിനെയും കുറവുള്ള ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കും. ഇടുക്കി മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി വിഭാഗം ഉടന്‍ ആരംഭിക്കും.
അടിസ്ഥാന സൗകര്യ വികസനത്തിനായി ആരോഗ്യ വകുപ്പു മന്ത്രിയുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഉടന്‍തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ ഉന്നതതല യോഗം ചേരുമെന്നും റോയി കെ പൗലോസ് പറഞ്ഞു.
ഇടുക്കിയിലെ ടൂറിസം വികസനത്തിന് പുതിയ പദ്ധതികള്‍ കൊണ്ടുവരും. അടഞ്ഞുകിടക്കുന്ന തോട്ടം മേഖലയില്‍ വ്യവസായങ്ങള്‍ കൊണ്ടുവരും. ഹോം സ്റ്റേ പോലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണവും തമിഴ്നാടിന് ജലവും എന്ന തത്വമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഇതിനു തമിഴ്നാടുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും എംഎല്‍എ പറഞ്ഞു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അനീഷ് ജോര്‍ജ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാന് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : land law Nattuvishesham Distric News