അസഹറുദ്ദീൻ
കണ്ണൂർ: തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന 20632 നമ്പര്‍ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ യുവാവ് അറസ്റ്റിൽ.
സിറ്റി മൈതാനപള്ളി സ്വദേശി അസഹറുദ്ദീനാണ് (22) അറസ്റ്റിലായത്. കണ്ണൂര്‍ ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ജെ. വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ അന്വേഷണസംഘം തിരിച്ചറിഞ്ഞത്.
കഴിഞ്ഞ എട്ടിന് രാത്രി 11ന് കണ്ണൂർ സൗത്ത് സ്റ്റേഷനും കണ്ണൂർ റെയിൽവേ സ്റ്റേഷനുമിടയ്ക്കുള്ള സ്ഥലത്ത് വച്ചായിരുന്നു ട്രെയിനിനു നേരെ കല്ലേറുണ്ടായത്.
ട്രെയിൻ കടന്നു പോകുന്പോൾ റെയിൽപാളത്തിന് സമീപം സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന പ്രതി കല്ലെറിയുകയായിരുന്നു. ട്രെയിനിന്റെ സി-3 കോച്ചിന്റെ ജനൽ ചില്ലിലാണ് കല്ലു കൊണ്ടത്.
ചില്ലു തകരാതിരുന്നതിനാൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ആര്‍പിഎഫ് എസ്ഐ കെ.എം. സുനില്‍കുമാര്‍, എഎസ്ഐ വി.വി. സഞ്ജയ്, ആര്‍പിഎഫ് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ സ്ക്വാഡ് അംഗങ്ങളായ ഒ.കെ. അജീഷ്, എം.ബൈജു, കെ. സജേഷ്, റെയില്‍വെ പോലീസ് ഇന്റലിജന്‍സിലെ എന്‍.പി. ജിതിന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.