സ്കൂൾ വരാന്തയിലൂടെ അലഞ്ഞുനടക്കുന്ന തെരുവുനായ.
അമ്പലപ്പുഴ: സ്കൂൾ പരിസരം തെരുവുനായ്ക്കൾ താവളമാക്കുന്നു. ഭീതിയോടെ അധ്യാപകരും വിദ്യാർഥികളും. അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പരിസരമാണ് തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറുന്നത്. സ്കൂൾ മൈതാനവും ക്ലാസ് മുറികളുടെ വരാന്തയുമൊക്കെ തെരുവുനായ്ക്കൾ കൈയടക്കിയിരിക്കുകയാണ്.
പരീക്ഷാക്കാലമായതിനാൽ ക്ലാസ് മുറികളുടെ വരാന്തകളിൽ നായ്ക്കൾ കൂട്ടമായി കിടക്കുന്നതുമൂലം വിദ്യാർഥികൾ വളരെ ഭയപ്പെട്ടാണ് ക്ലാസ് മുറികളിലെത്തുന്നത്. സ്കൂൾ ഗേറ്റ് മുതൽ തന്നെ അനേകം തെരുവുനായ്ക്കളാണ് കൂട്ടമായി അലയുന്നത്. അധ്യാപകരും ജീവനക്കാരുമെല്ലാം വളരെ ഭയപ്പെട്ടാണ് ഇവിടെ ജോലി ചെയ്യുന്നത്. ചില സമയങ്ങളിൽ കുട്ടികൾക്കു പിന്നാലെ തെരുവി നായ്ക്കൾ ഓടുന്നതും പതിവാണ്.
ഇതു കൂടാതെ പടിഞ്ഞാറെനട, ഓട്ടോറിക്ഷാ സ്റ്റാൻഡ് ഗവ. കോളജ് പരിസരം എന്നിവിടങ്ങളിലൊക്കെ തെരുവുനായ്ക്കളുടെ ശല്യം വർധിച്ചുവരികയാണ്. ഇതിനു പഞ്ചായത്ത് മുൻ കൈയെടുത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.