നെടുമങ്ങാട്: ആര്യനാട് കെഎസ്ആർടിസി ഡിപ്പോയിലും വിവിധ പ്രദേശങ്ങളിലുമായി അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. അൻപതിലധികം തെരുവ് നായ്ക്കളാണ് ഡിപ്പോയിലും ആര്യനാട് ജംഗ്ഷനിലും അലഞ്ഞു തിരിയുന്നത്.
കഴിഞ്ഞ ദിവസം ചേരപ്പള്ളിയിലും കോട്ടയ്ക്കകത്തുമായി ചത്ത രണ്ടു തെരുവു നായ്ക്കളെയാണു കുഴിച്ചു മൂടിയത്. ഈ നായ്ക്കളെക്കുറിച്ചു പരിശോധന നടത്താൻ പോലും പഞ്ചായത്ത് അധികൃതർ തയാറായിട്ടില്ലെന്നതാണു പ്രധാന ആക്ഷേപം.
നായ്ക്കൾ തമ്മിൽ കടിപിടി കൂടുന്നതു കാരണം യാത്രക്കാർക്കു ഡിപ്പോയിൽ ബസ് കാത്തു നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. ഡിപ്പോയിൽ എത്തുന്ന യാത്രക്കാർക്ക് നേരെ നായ്ക്കൾ കുരച്ചുകൊണ്ടു പാഞ്ഞടുക്കാറുണ്ട്. ഇവയുടെ ആക്രമണത്തിൽ നിന്നു മിക്കപ്പോറും കഷ്ടിച്ചാണ് യാത്രക്കാർ രക്ഷപ്പെടുന്നത്.
രണ്ടാമത്തെ നിലയിലേക്കു പോകുന്ന ഗോവണിയിൽ നായ്ക്കൾ കിടക്കുന്നതിനെ തുടർന്നു ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടറിൽ കൺസഷൻ എടുക്കാൻ വിദ്യാർഥികൾക്കു പോകാൻ കഴിയാത്ത സ്ഥിതിയാണ്. കൂടാതെ സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിലും നായ്ക്കൾ താവളമാക്കുന്നുണ്ട്. നായ്ക്കളുടെ ശല്യം കൂടുതൽ ആണെന്നു ഡിപ്പോ അധികൃതർ പല തവണ പഞ്ചായത്ത് അധികൃതറെ അറിയിച്ചിട്ടും തുടർനടപടികൾ ഒന്നും ഉണ്ടായില്ലെന്നും ആക്ഷേപം നിലനിൽക്കുന്നുണ്ട്.
Tags : nattu vishesham Street harassment rampant