പത്തനംതിട്ട: ഓമല്ലൂരില്‍ തെരുവുനായ ആക്രമണത്തിൽ മൂന്നു വയസുകാരി അടക്കം നാലുപേർക്ക് കടിയേറ്റു.ഇന്നലെ രാവിലെ പുത്തന്‍ പീടികയില്‍ നിന്നുമാണ് നായ അക്രമണം തുടങ്ങിയത്. രാവിലെ നടക്കാൻ ഇറങ്ങിയവർ അടക്കമുള്ളവരെ നായ ആക്രമിച്ചു. ഓമല്ലൂർ പുത്തൻപീടിക സെന്റ് തോമസ് മാർത്തോമ്മാ പള്ളി വികാരി റവ.നിജോ ജോസ്, വലിയവീട്ടില്‍ തെക്കേതില്‍ വിമല (70), കൊട്ടാരത്തില്‍ രാജന് (65) എന്നിവരെയാണ് നായ വിവിധ ഇടങ്ങളിലായി ആക്രമിച്ചത്.
പൈവള്ളി ഭാഗത്തേക്ക് എത്തിയ നായ ചരുവിൽ പ്രതിഭയുടെ മകൾ മൂന്നുവയസുകാരി സുകന്യയെ മാരകമായി കടിച്ച് മുറിവേല്പിക്കുകയുമായിരുന്നു.
കുട്ടിയുടെ കണ്ണിനും മുഖത്തുമാണ് നായയുടെ കടിയേറ്റത്. സുകന്യയെ കോട്ടയം മെഡിക്കൽ കോളജിലും മറ്റുള്ളവർക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിലും ചികിത്സ നൽകി.
നായയ്ക്കു പേവിഷ ബാധ സംശയിച്ചതോടെ ഇതിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു നാട്ടുകാർ. വൈകുന്നേരം ഇതിനെ പുത്തൻപീടിക ഭാഗത്ത് ചത്ത നിലയിൽ കണ്ടെത്തി. തിരുവല്ലയിലെ ലാബിൽ പരിശോധന നടത്താനായി നീക്കിയിട്ടുണ്ട്. വീണ്ടും ആക്രമണത്തിനു തുനിഞ്ഞ നായയെ നാട്ടുകാർ തല്ലിക്കൊല്ലുകയായിരുന്നുവെന്ന് പറയുന്നു.
തെരുവുനായ്ക്കളുടെ എണ്ണം കൂടി
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തടക്കം നായ്ക്കൾ വലിയ ഭീഷണിയായിട്ടുണ്ട്. കഴിഞ്ഞ വെളളിയാഴ്ച പത്തനംതിട്ട കെഎസ്ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഭിക്ഷാടകരടക്കം ആറുപേരെയാണ് തെരുവുനായ ആക്രമിച്ചത്.
പ്രസവിച്ചു കിടന്ന നായയാണു പലരെയും ആക്രമിച്ചത് . അഞ്ച് കുട്ടികളുമായി ഈ നായ യാത്രക്കാർ കടന്നു പോകുന്ന വഴിയിലാണു കിടക്കുന്നത്. യാത്രക്കാർ ബസിൽ കയറാനുള്ള തിരക്കിൽ നായക്കൂട്ടത്തെ കാണാതെ പോകുകയും അവയെ തട്ടുകയും ചെയ്താൽ പിറകെ പാഞ്ഞത്തി കടിക്കുകയാണു ചെയ്യുന്നത്. മുന്നു ദിവസം മുമ്പും ഇങ്ങനെ ഒരാൾക്ക് കടിയേറ്റിരുന്നു. കൂടുതൽ നായ്ക്കൾ
ബസ് സ്റ്റാൻഡിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിട്ടുണ്ട്. മഴ കൂടി പെയ്താൽ ഇവ സ്റ്റാൻഡ് പരിസരത്തു തന്നെ തങ്ങുകയാണ് പതിവ്.
നഗരത്തിൽ പല ഭാഗത്തും തെരുവുനായ ശല്യം ജനത്തെ വലയ്ക്കുന്നുണ്ട്. പുതിയ ബസ് സ്റ്റാൻഡിലേക്ക് യാത്രക്കാർക്കു പ്രവേശിക്കാൻ കഴിയാത്ത വിധം തെരുവു നായ്ക്കൾ നിറഞ്ഞിരിക്കുകയാണ്. ഭക്ഷണം കിട്ടാതെ വരുമ്പോൾ ചില വീടുകളിൽ കയറി വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്യാറുണ്ട്.
ബസ് സ്റ്റാൻഡ് യാർഡിൽ യാത്രക്കാർ കടന്നു പോകുന്ന വഴിയിലും ഇരിപ്പിടത്തിനു താഴെയുമായാണ് നായ്ക്കൾ കിടക്കുന്നത്.
സ്കൂൾ കുട്ടികളടക്കം ഒട്ടേറെ പേർ വന്നു പോകുന്ന ബസ് സ്റ്റാൻഡ് പരിസരത്തെ നായ്ക്കൾ ശല്യക്കാരായി മാറിയിരിക്കുകയാണ്. അലഞ്ഞു തിരിയുന്ന നായ്ക്കൾക്കുഭക്ഷണം നൽകാൻ ചിലരുള്ളതാണ് ഇവ സ്റ്റാൻഡ് വിട്ടു പോകാത്തതിനു കാരണ മെന്നു വ്യാപാരികൾ പറയുന്നു. റിംഗ് റോഡിൽ പല ഭാഗത്തും ഭക്ഷണമാലിന്യം തള്ളുന്നതിനാൽ ഇവിടങ്ങളിലും നായ്ക്കൾ തന്പടിക്കുകയാണ്. മേലേവെട്ടിപ്രം, താഴെവെട്ടിപ്രം, പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിനു പിൻവശം, പഴയ സ്റ്റാൻഡ്, മാർക്കറ്റ്, മിനി സിവിൽസ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം നായ ശല്യമാണ്.
Tags : nattu vishesham Street vendor attacked