മന്ത്രി എൻ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.
നെടുമങ്ങാട് : ലോകം ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കും ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്കും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വിദ്യാർഥികൾ ആഗോളതലത്തിൽ മത്സരിക്കാൻ തക്കവണ്ണം യോഗ്യരാകണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ. അരുവിക്കര നിയോജകമണ്ഡലത്തിലെ സ്കൂളുകളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'തിളക്കം 2026' വിദ്യാഭ്യാസ പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയകാലഘട്ടത്തെ ഉൾക്കൊണ്ടുള്ള മാറ്റങ്ങൾ എല്ലാ വിദ്യാലയങ്ങളിലും ഉണ്ടാകണം. ബ്ലാക്ക് ബോർഡുകളിൽ നിന്ന് ക്ലാസ് മുറികൾ ഇലക്ട്രോണിക് സ്മാർട്ട് ബോർഡുകളിലേക്ക് മാറുന്ന കാലമാണിത്. ഈ ഡിജിറ്റൽയുഗത്തിൽ നമ്മുടെ കുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഉയർന്ന മാർക്കുകൾ വാങ്ങി മുന്നേറുമ്പോൾ സഹജീവികളോട് കരുണയും സ്നേഹവും വളർത്തിയെടുക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്എൽസി വിഭാഗത്തിൽ 131 വിദ്യാർഥികൾക്കും പ്ലസ് ടു വിഭാഗത്തിൽ 126 വിദ്യാർഥികൾക്കുമാണ് പുരസ്കാരം നൽകിയത്. വെള്ളനാട് ജികെഎസ് വി & എച്ച്എസ്എസ് സ്കൂളിൽ നടന്ന ചടങ്ങിൽ ജി.സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡോ.ജെ.ഹരീന്ദ്രൻ നായർ മുഖ്യാതിഥി ആയിരുന്നു.
Tags : Nattuvishesham LocalNews