കോഴിച്ചാൽ റവന്യൂവിലെ തള്ളിയിൽ ജാനകിയുടെ വീടിന് മുകളിൽ മരം വീണ നിലയിൽ.
ചെറുപുഴ: കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയോടെയുണ്ടായ കാറ്റിലും മഴയിലും കോഴിച്ചാലിലും പരിസര പ്രദേശങ്ങളിലും നാശനഷ്ടമുണ്ടായി. മൂന്ന് വീടുകൾക്ക് മുകളിൽ മരം വീണു. കാർഷിക വിളകൾക്കും നാശം സംഭവിച്ചു.
കോഴിച്ചാൽ റവന്യൂവിൽ പാലക്കുന്നേൽ സാബു, തള്ളിയിൽ ജാനകി, പ്ലാന്തോട്ടം രാജപ്പൻ എന്നിവരുടെ വീടുകൾക്ക് മുകളിലാണ് മരം വീണത്. കോഴിച്ചാൽ-രാജഗിരി റോഡരികിൽ നിന്ന കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണതിനെ തുടർന്ന് കോഴിച്ചാൽ-ജോസ്ഗിരി റൂട്ടിൽ വാഹനഗതാഗതം തടസപ്പെട്ടു.
നാട്ടുകാരും പെരിങ്ങോത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയും ചേർന്ന് വീടുകളുടെ മുകളിലും റോഡിലും വീണ മരങ്ങൾ മുറിച്ചു മാറ്റി.
തെങ്ങ്, കവുങ്ങ്, വാഴ, റബർ തുടങ്ങിയ കാർഷിക വിളകളും കാറ്റിൽ ഒടിഞ്ഞും കടപുഴകി വീണും നശിച്ചു.
പ്രദേശത്ത് വൈദ്യുതി വിതരണം തകരാറിലായി. പഞ്ചായത്ത് അംഗം വിജി കെ. ജോൺ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു.
Tags : Summer rain nattuvishesham local news