അടൂർ നഗരത്തിൽ ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് എസ്ഐ ജി.സുരേഷ് കുമാർ.
അടൂർ: ഓണത്തിരക്കിൽ ശ്വാസംമുട്ടുന്ന അടൂർ നഗരത്തിലൂടെ യാത്ര ചെയ്യുന്നവർ ഒരിക്കലെങ്കിലും ആ കാഴ്ച കണ്ടിട്ടുണ്ടാകും. കത്തുന്ന വെയിലിലും കനത്ത മഴയിലും ചുണ്ടിൽ മായാത്ത പുഞ്ചിരിയോടെ കൈകൾ ഉയർത്തി ഗതാഗതം നിയന്ത്രിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ. അടൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ എസ്.ഐ ജി സുരേഷ് കുമാറാണിത്.
യൂണിഫോമണിഞ്ഞാൽ ഡ്യൂട്ടി സമയംനോക്കി മടങ്ങുന്ന പതിവ് പൊലീസ് രീതിയിൽനിന്ന് വ്യത്യസ്തമാണ് സുരേഷ് കുമാറിന്റെ പ്രവർത്തനശൈലി. ട്രാഫിക് നിയന്ത്രണം ജോലി മാത്രമല്ലെന്നും നഗരത്തോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്വമാണെന്നും പ്രവർത്തനങ്ങളിലൂടെ തെളിയിക്കുകയാണ് അദ്ദേഹം.
ട്രാഫിക് സിഗ്നലുകളിലെ നിയന്ത്രണത്തിൽ മാത്രം ഒതുങ്ങുന്നതല്ല സുരേഷ് കുമാറിന്റെ ഇടപെടലുകൾ. റോഡിൽ അപകടമുണ്ടായാൽ വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നതും അപകടസാധ്യതകൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതും പതിവാണ്. വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്ന ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതും തകരാറിലായ ഡിവൈഡറുകളും ബാരിക്കേഡുകളും സുരക്ഷിതമാക്കുന്നതുമെല്ലാം സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുക്കുന്നു.
ഓണത്തിരക്കിൽ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഡ്രൈവർമാരുമായി സൗഹൃദപരമായ സമീപനം സ്വീകരിക്കാനും സുരേഷ് കുമാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. നിയമം പാലിപ്പിക്കുമ്പോഴും സൗമ്യമായ പെരുമാറ്റമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര.
ഓണവിപണി സജീവമായതോടെ അടൂർ നഗരത്തിലെ ഗതാഗതത്തിരക്ക് വർധിച്ച സാഹചര്യത്തിൽ പാർക്കിങ്ങിനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റോഡരികിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിനായി ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ പുതിയ പാർക്കിംഗ് കേന്ദ്രങ്ങൾ കണ്ടെത്തിയതും ഇതിന്റെ ഭാഗമാണ്.
അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്ത് ഗതാഗത തടസം സൃഷ്ടിക്കരുത്. പൊലീസ് ഒരുക്കിയിട്ടുള്ള പ്രത്യേക പാർക്കിങ് സൗകര്യങ്ങൾ എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എസ്ഐ ജി. സുരേഷ് കുമാർ പറഞ്ഞു.
തിരക്കേറിയ നഗരവീഥിയിൽ വെയിലും മഴയും വകവയ്ക്കാതെ പുഞ്ചിരിയോടെ ഗതാഗതം നിയന്ത്രിക്കുന്ന സുരേഷ് കുമാറിന്റെ സാന്നിധ്യം യാത്രക്കാർക്കും ഡ്രൈവർമാർക്കും ഒരുപോലെ ആശ്വാസമാണ്. ഡ്യൂട്ടിയുടെ അതിരുകൾക്കപ്പുറം ഉത്തരവാദിത്വത്തോടെ ഇടപെടുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവർത്തനങ്ങളാണ് ഓണത്തിരക്കിനിടയിൽ അടൂർ നഗരത്തിന് വേറിട്ട കാഴ്ചയാകുന്നത്.