കുന്നോന്നിയിൽ നടന്ന ചതയദിന ഘോഷയാത്രയിൽ ശ്രീനാരായണഗുരു-മഹാബലി-ഗണപതി വേഷധാരികൾ സുശീലാമ്മയെ കാണാൻ വീട്ടിലെത്തിയപ്പോൾ.
കുന്നോന്നി: ഒരു നൂറ്റാണ്ടിനപ്പുറത്തെ ചരിത്രത്തിന്റെ ഓർമകൾക്ക് പുതുജീവൻ നൽകി കുന്നോന്നിയിൽ നടന്ന ശ്രീനാരായണ ഗുരു ജയന്തി ആഘോഷം. ഗുരു പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ എത്തിയപ്പോൾ നാമകരണം ചെയ്ത 101-ാം വയസിലെത്തിയ പാലംപറമ്പിൽ സുശീലാമ്മയെ കാണാൻ ചതയദിന ഘോഷയാത്രയിലെ ഗുരുവിന്റെയും മഹാബലിയുടെയും ഗണപതിയുടെയും വേഷധാരികൾ വീട്ടിലെത്തിയത് ആഘോഷത്തിലെ വേറിട്ട കാഴ്ചയായി.
എസ്എൻഡിപി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖയുടെ ആഭിമുഖ്യത്തിലായിരുന്നു ശ്രീനാരായണ ഗുരുവിന്റെ 172-ാമത് ജയന്തി ആഘോഷം.
വാദ്യമേളങ്ങളുടെയും ആഘോഷങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ നാരായണഗുരുവിന്റെയും മഹാബലിയുടെയും ഗണപതി യുടെയും വേഷധാരികളും അണിനിരന്നു.
ശശി പനച്ചിക്കലാണ് ഗുരുദേവന്റെ വേഷം ധരിച്ചത്. വിജയൻ കൊട്ടാരംപറമ്പിൽ മഹാബലിയായും ശ്രീനിവാസൻ പൊങ്ങലയിൽ ഗണപതി ഭഗവാനായും വേഷമണിഞ്ഞു. ഘോഷയാത്രയ്ക്കിടെ ഇവർ സുശീലാമ്മയുടെ വീട്ടിലെത്തുകയായിരുന്നു.
നൂറ്റാണ്ടിനു മുമ്പ് ഗുരുസന്നിധിയിൽ പേര് ലഭിച്ച സുശീലാമ്മയെ ചതയദിനത്തിൽ ഗുരുദേവന്റെ വേഷമിട്ടയാൾ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തിയത് അപൂർവ കാഴ്ചയായി.
ജയന്തിദിന സമ്മേളനം എം.ജെ. സെബാസ്റ്റ്യൻ എം എൽഎ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആർ. രാജീഷ് അധ്യക്ഷത വഹിച്ചു.
Tags : NattuVishesham DistrictNews