ഒറ്റപ്പാലം: വീട്ടാമ്പാറയിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് കാലിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന ശ്രീഹർഷിനെ കാണാൻ താലൂക്കാശുപത്രി സൂപ്രണ്ടെത്തി. ഒറ്റപ്പാലം താലൂക്ക് ആശുപത്രി സൂപ്രണ്ട് എം.എസ്. പത്മനാഭൻ ആണ് ശ്രീഹർഷിനെ കാണാൻ എത്തിയത്. ശ്രീഹർഷിനെ ആശ്വസിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു രോഗിയോടുള്ള സഹാനുഭൂതിയായിരുന്നില്ല, സ്വന്തംകുടുംബാംഗത്തോട് തോന്നുന്ന വികാരമായിരുന്നു.
അപകടംപറ്റിയ ശ്രീഹർഷിനെ ആദ്യം എത്തിച്ചത് താലൂക്ക് ആശുപത്രിയിലായിരുന്നു. പ്രാഥമികചികിത്സ നൽകിയതും ഡോക്ടറാണ്. കാലിൽ സാരമായി പരിക്ക് പറ്റിയ ശ്രീഹർഷിനെ മെഡിക്കൽ കോളജിലേക്ക് അയക്കുമ്പോൾ ശ്രീഹർഷിന്റെ വേദനിക്കുന്ന മുഖവും ചിന്നിചിതറിയ കുതികാലും സൂപ്രണ്ടിന്റെ മനസിൽ ഉണ്ടായിരുന്നു. ചികിത്സകഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്ന ശ്രീഹർഷിനെ കാണണം എന്നാവശ്യപ്പെട്ട് സൂപ്രണ്ട് വാർഡ് കൗൺസിലറെ വിളിക്കുകയായിരുന്നു. മുറിവുകൾ മാറി കളിക്കാനാവുമെന്ന് ഡോക്ടർ ശ്രീഹർഷിനോട് പറഞ്ഞു. കളിക്കാൻ തന്റെ വകയായി എന്താണ് വേണ്ടതെന്ന് അദ്ദേഹം ആരാഞ്ഞു.
ഇതിന് മൗനമാമായിരുന്നു ശ്രീഹർഷിന്റെ ഉത്തരം. രണ്ട് മാസക്കാലം കൂടി ശ്രീഹർഷിന് വിശ്രമിക്കേണ്ടിവരുമെന്ന് രക്ഷിതാക്കൾ പറഞ്ഞു. ശ്രീഹർഷിന് സ്നേഹസമ്മാനം നൽകിയാണ് സൂപ്രണ്ട് എം.എസ്. പത്മനാഭൻ യാത്ര പറഞ്ഞിറങ്ങിയത്.കൗൺസിലർമാരായ ടി.പി. പ്രദീപ് കുമാർ, ഷിബു, മുൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. ലത എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
Tags : nattu vishesham Taluk Hospital Superintendent