പത്തനംതിട്ട: സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന ഭവനരഹിതരായ വിധവകളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബങ്ങൾക്ക് സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിലിന്റെ നേതൃത്വത്തിൽ നൽകുന്ന 382-ാമത് സ്നേഹഭവനം അടൂർ ആനന്ദപ്പള്ളി പുത്തൻചന്ത ചന്ദ്രവിലാസത്തിൽ ഉഷയ്ക്കും മകൾക്കും അമേരിക്കയിലെ സനന്റാനിയോ സെൻറ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ സഹായത്താൽ നിർമിച്ചു നൽകി.
വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പള്ളി വികാരി ഫാ. സുനോജ് ഉമ്മൻ നിർവഹിച്ചു.
വിവിധ ശാരീരിക മാനസിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന ഉഷയും മകൾ രഞ്ജിമയും സ്വന്തമായ ഒരു ഭവനം നിർമിക്കാനായി യാതൊരു നിവൃത്തിയുമില്ലാതെ ദുരിത ജീവിതം അനുഭവിക്കുകയായിരുന്നു.
ഇവരുടെ അവസ്ഥ ബോധ്യപ്പെട്ട ഡോ. സുനിൽ ഇവർക്കായി പള്ളിയിലെ അംഗങ്ങൾ നൽകിയ തുക ഉപയോഗച്ച് രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമിച്ചു നൽകുകയായിരുന്നു.
ചടങ്ങിൽ വാർഡ് കൗൺസിലർ സനൽകുമാർ, മുൻ വാർഡ് കൗൺസിലർ അപ്സര സനൽ, ഡോ. സന്തോഷ് ബാബു, പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.പി. ജയലാൽ, ബെന്നി കോയിക്കലേത്ത്, അനിതാ രാജൻ, ആനി ജോർജ് എന്നിവർ പ്രസംഗിച്ചു.