കല്‍പ്പറ്റ: വയനാടന്‍ ജനത നേരിടുന്ന യാത്രാപ്രശ്നത്തിന്റെ പരിഹാരത്തിന് ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ചുരം ബൈപാസും പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡും അടിയന്തരമായി യാഥാര്‍ഥ്യമാക്കണമെന്ന് എഐസിസി അംഗം എന്‍.ഡി. അപ്പച്ചന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
റോഡ് ഇതര ഗതാഗത സംവിധാനങ്ങള്‍ ഇല്ലാത്ത ജില്ലയാണ് വയനാട്. കോഴിക്കോടിനും വയനാടിനും ഇടയില്‍ ചരക്കുനീക്കത്തിനും ചികിത്സ ആവശ്യത്തിനും വിനോദസഞ്ചാരത്തിനും മറ്റും മുഖ്യമായും താമരശേരി ചുരം വഴി വാഹനങ്ങള്‍ ഓടണം. ചുരത്തില്‍ മഴക്കാലത്തും വിനോദയാത്രാ സംഘങ്ങള്‍ ഒഴുകുന്ന വേളകളിലും ഗതാഗതക്കുരുക്ക് പതിവാണ്. ദേശീയപാത 766ന്റെ ഭാഗമായ ചുരത്തില്‍ കുടുങ്ങി പലപ്പോഴും മണിക്കൂറുകളാണ് യാത്രക്കാര്‍ ദുരിതം അനുഭവിക്കുന്നത്.
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാത പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പൂര്‍ത്തിയാകുന്നതിന് വര്‍ഷങ്ങളെടുക്കും. ഈ സാഹചര്യത്തില്‍ ബൈപാസും ബദല്‍ പാതയും അനിവാര്യതയാണ്. ചുരം ബദല്‍ പാതകളില്‍ പ്രധാനപ്പെട്ടതാണ് പടിഞ്ഞാറത്തറയെ കോഴിക്കോട് ജില്ലയിലെ പൂഴിത്തോടുമായി ബന്ധിപ്പിക്കുന്ന വഴി. ഇതിന്റെ പ്രാഥമിക ഡിപിആര്‍ തയാറാക്കിയതാണ്.
അന്തിമ ഡിപിആര്‍ തയാറാക്കുന്നതിനും പ്രവൃത്തിക്ക് ആവശ്യമായ വനഭൂമി ലഭ്യമാക്കുന്നതിനും ശക്തമായ നീക്കങ്ങള്‍ ഉണ്ടാകണം. 2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ്. കുറഞ്ഞ ചെലവില്‍ പൂര്‍ത്തിയാക്കാവുന്നതാണ് ഈ റോഡ് പ്രവൃത്തി. ബൈപാസില്‍ ആകെ 8.940 കിലോമീറ്ററാണ് വനഭൂമിയിലൂടെ നിര്‍മിക്കേണ്ടത്. വനഭൂമി ഉപയോഗപ്പെടുത്തുന്നതിനു കേന്ദ്ര അനുമതി നേടാന്‍ സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണം. വിളകള്‍ തറവില നിശ്ചയിച്ച് സംഭരിക്കാനും അതുവഴി വിപണിയില്‍ ഇടപെടാനും സര്‍ക്കാര്‍ തയാറാകണമെന്നും അപ്പച്ചന് ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Wayanad