പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തലസ്ഥാന നഗരം ഓണം വാരാഘോഷത്തിനൊരുങ്ങുന്നു. വൈദ്യുത ദീപാലങ്കാരത്തിന്റെയും കലാപരിപാടികൾ അവതരിപ്പിക്കാനുള്ള വേദികളുടെയും പണികൾ പുരോഗമിക്കുകയാണ്.
നിശാഗന്ധി, കനകക്കുന്ന്, വെള്ളയന്പലം, പാളയം എൽഎംഎസ് ജംഗ്ഷൻ, സെക്രട്ടറിയേറ്റ് പരിസരം, ആയൂർവേദ കോളേജ്, ഓവർബ്രിഡ്ജ് ജംഗ്ഷൻ, കിഴക്കേകോട്ട, തന്പാനൂർ, കവടിയാർ, നിയമസഭ പരിസരം ഉൾപ്പെടെ നഗരത്തിലെന്പാടും വൈദ്യുത ദീപാലങ്കാരത്തിനുള്ള ജോലികൾ പുരോഗമിക്കുകയാണ്. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരുത്തിനാലിനു വൈകുന്നേരം നിശാഗന്ധിയിലാണ് നടക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രനടൻ കുഞ്ചാക്കോ ബോബൻ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്നു നടി ശോഭന അവതരിപ്പിക്കുന്ന നൃത്തപരിപാടിയും ആഘോഷരാവുകൾക്ക് ആനന്ദം പകരും.
ഇരുപത്തിനാല് മുതൽ മുപ്പത് വരെ തലസ്ഥാന നഗരത്തിലെ 35 വേദികളിൽ 340 ൽപരം പരിപാടികളാണ് അരങ്ങേറുന്നത്. മൂവായിരത്തിൽപ്പരം കലാകാരൻമാരുടെ സർഗവാസനകൾ കാണികൾക്ക് പുത്തനുണർവ് സമ്മാനിക്കും. കേരളത്തിന്റെ സാംസ്കാരിക തനിമയും പൈതൃകവും നിലനിർത്തിയുള്ള പരിപാടികളാണ് ഇത്തവണ ഓരോ ദിവസങ്ങളിലും വിവിധ വേദികളിൽ അരങ്ങേറുന്നത്. കൈതപ്രം ദാമോദരൻ നന്പൂതിരി, വയലാർ ശരത്ചന്ദ്രവർമ, ഉണ്ണി മോനോൻ, വിനീത് ശ്രീനിവാസൻ, പന്തളം ബാലൻ, നജിം അർഷാദ്, വൈക്കം വിജയലക്ഷ്മി, ഹരിശങ്കർ, അനൂപ് ശങ്കർ എന്നീ കലാകാരൻമാർ ഓണാഘോഷപരിപാടികളിൽ പങ്കാളികളാകും. മുപ്പതിനു നടക്കുന്ന സാംസ്കാരിക ഘോഷയാത്രയിൽ വിവിധ ഫ്ളോട്ടുകൾ അകന്പടി സേവിക്കും.
മാനവീയം വീഥിയിൽ നിന്നും വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന ഫ്ളോട്ടുകൾ ഉൾപ്പെട്ട ഘോഷയാത്ര പാളയം, സ്റ്റാച്യു, ആയൂർവേദ കോളജ് വഴി കിഴക്കേകോട്ടയിൽ സമാപിക്കും.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള 62 വകുപ്പുകൾ സാംസ്കാരിക ഘോഷയാത്രയുടെ ഭാഗമാകും. സമാപനസമ്മേളനത്തിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. കേരളത്തിന്റെ നാടൻ കലാരൂപങ്ങളും മുടിയേറ്റ്, പടയണി, തോൽപ്പാവകൂത്ത് ഉൾപ്പെടെ ഓരോ വേദികളിലും അരങ്ങേറും.
Tags : Onam celebrations. NattuVishasham DistrictNews