കടുത്തുരുത്തി: കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ള കൂണ് കര്‍ഷകരുടെയും കൂണ് സംരംഭകരുടെയും 25 പേരടങ്ങുന്ന ആദ്യസംഘം സംസ്ഥാന കൃഷിവകുപ്പിന്റെയും സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെയും നേതൃത്വത്തില്‍ ഹിമാചല്‍പ്രദേശിലെ സോളനിലെ ഡയറക്ടറേറ്റ് ഓഫ് മഷ്റൂമിലേക്ക് ഒരാഴ്ചത്തെ പരിശീലനത്തിനായി യാത്രതിരിച്ചു.
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് നടപ്പിലാക്കുന്ന സമഗ്ര കൂണ് ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള തുടര്‍പരിശീലന പരിപാടികളുടെ ഭാഗമായാണ് പഠനയാത്ര. കേരളത്തില്‍ കൂണ് കൃഷി കൂടുതല്‍ ശാസ്ത്രീയമായി വ്യാപിപ്പിക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമായാണ് കൂണ് കര്‍ഷകര്‍ക്കായി പഠനയാത്ര നടത്തുന്നത്.
കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ കൂണ് കര്‍ഷകരുടെയും ഉദ്യോഗസ്ഥരുടെയും പത്തംഗസംഘം സോളനിലെ ഐസിഎആര്‍ ഡയറക്ടറേറ്റ് ഓഫ് മഷ്റൂം റിസര്‍ച്ച് (ഡിഎംആര്‍) സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയായാണ് കര്‍ഷകരെ സോളനിലേക്ക് പരിശീലനത്തിനായി അയയ്ക്കുന്നത്.
കൂണ് കൃഷിയിലെ സാങ്കേതികത്വം, ആധുനിക കൃഷിരീതികള്‍, കൂണ് ഉത്പന്നങ്ങളുടെ മൂല്യവര്‍ധനവ്, വൈവിധ്യമാര്‍ന്ന കൂണ് വിഭവങ്ങള്‍, വാണിജ്യ പ്രാധാന്യമുള്ള കൂണ് ഇനങ്ങളും ഉത്പന്നങ്ങളും തുടങ്ങി വിവിധങ്ങളായ പരിശീലനങ്ങളാണ് ലക്ഷ്യം.
സോളനിലുള്ള ഐസിഎആര്‍ മഷ്റൂം ഡയറക്ടറേറ്റില്‍ ആറു വരെയാണ് പരിശീലനം. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് ജോയിന്റ് ഡയറക്ടര്‍ പി. ഷക്കീല, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ടി.ആര്. സ്വപ്ന, നൂബിയ ബഷീര്‍ എന്നിവര്‍ പഠനസംഘത്തെ നയിക്കും.