പാരിപ്പള്ളി: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷിഗെല്ല ബാധിതരായ കുട്ടികളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഏഴ് വയസുകാരായ പരവൂര്‍ നെടുങ്ങോലം, നാവായിക്കുളം സ്വദേശികളായ ആണ്‍കുട്ടികളാണ് ചികിത്സയിലുള്ളത്. നെടുങ്ങോലം സ്വദേശിയുടെ നില വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്.
ജില്ലയില്‍ മൂന്നുപേര്‍ക്ക് ഷിഗെല്ല ബാധയുണ്ടായതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. പരവൂര്‍, പാരിപ്പള്ളി, കിളികൊല്ലൂര്‍ മേഖലകളിലാണ് ഷിഗെല്ല ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്.കിണറുകളില്‍ ക്ലോറിനേഷന്, ബോധവത്കരണം തുടങ്ങിയവ സംഘടിപ്പിച്ച് രോഗവ്യാപനം തടയുകയാണ് ലക്ഷ്യം. രോഗ ബാധിത പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്.
മഴ വ്യാപിക്കുന്നതിനാല്‍ ഷിഗെല്ല, പകര്‍ച്ചപ്പനി അടക്കമുള്ളവ പടരാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ക്കണ്ടുള്ള പ്രതിരോധ നടപടികളാണ് നടക്കുന്നത്. അതിവേഗ വ്യാപന സാധ്യതയുള്ള രോഗമാണ് ഷിഗെല്ല. കുട്ടികളിലും വയോധികരിലും രോഗം ഗുരുതരമാകാനും സാധ്യതയേറെയാണ്.
Tags : nattu vishesham health condition Shigella patients