അനിൽകുമാറിന്റെ വീടിന്റെ അടുക്കളഭാഗം തകർന്നപ്പോൾ.
ചെങ്ങന്നൂർ: കനത്ത മഴയിലും വീശിയടിച്ച ശക്തമായ കാറ്റിലും വീട് ഭാഗികമായി തകർന്നു വീണു. പുലിയൂർ തിങ്കളാമുറ്റം തോട്ടിയാട് മോടിയൂഴത്തിൽ അനിൽകുമാറിന്റെ വീടാണ് ഇന്നലെ ഉച്ചയ്ക്ക് 11.30ന് തകർന്നത്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
അനിൽകുമാറും ഭാര്യയും ജോലിക്ക് പോയിരുന്ന സമയത്താണ് അപകടം. ഈ സമയം വീട്ടിൽ അനിലിന്റെ വൃദ്ധയായ മാതാവും രണ്ട് മക്കളുമാണ് ഉണ്ടായിരുന്നത്. കാലാവസ്ഥ വ്യതിയാനത്തിൽ ഭയന്ന മക്കൾ ഉടൻ തന്നെ അനിലിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് 11.30 ഓടെ ജോലിസ്ഥലത്തുനിന്നു വീട്ടിലെത്തിയ അനിൽ, മാതാവിനെയും രണ്ട് മക്കളെയും സ്വീകരണമുറിയിലേക്ക് മാറ്റുകയും പെട്ടെന്ന് അടുക്കളഭാഗം തകരുകയും ചിമ്മിനി വൻ ശബ്ദത്തോടെ നിലംപതിക്കുകയുമായിരുന്നു. ചിമ്മിനിയ്ക്ക് മുകളിലുണ്ടായിരുന്ന വാട്ടർ ടാങ്കും അടുക്കളയിലുണ്ടായിരുന്ന ഉപകരണങ്ങളും പൂർണമായും നശിച്ചു.
പുലിയൂർ വില്ലേജിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി മേൽനടപടികൾ സ്വീകരിച്ചു.
Tags : Nattuvishesham Districtnews damaged