ഉള്ളൂര്‍: ആശുപത്രിയിലുണ്ടാകുന്ന മരണങ്ങൾ സംബന്ധി ച്ച അന്വേഷണങ്ങൾ പാതി വഴിയില്‍ നിന്നുപോകുന്നത് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിക്ക് ശാപമാകുന്നുവെന്ന് ആക്ഷേപം. ആശുപത്രി സംവിധാനങ്ങളിലെ വീഴ്ചയിലും ജീവനക്കാരുടെ കെടുകാര്യസ്ഥതയിലുംപെട്ടു രോഗികള്‍ക്ക് ജീവന് നഷ്ടപ്പെടുമ്പോള്‍ പ്രഖ്യാപിക്കുന്ന അന്വേഷണം എങ്ങുമെത്താറില്ല എന്നതാണ് വാസ്തവം.
കൊല്ലം ചടയമംഗലം സ്വദേശിയായ 84-കാരന്റെ മരണവും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈവര്‍ഷം കട്ടിലില്‍നിന്നു വീണുണ്ടാകുന്ന മൂന്നാമത്തെ മരണമാണ് ചടയമംഗലം സ്വദേശി സുകുമാരപിള്ളയുടേത്. രോഗിക ളുടെ ബന്ധുക്കള്‍ കൂട്ടിരിക്കാന്‍ എത്തിയാല്‍ അടിസ്ഥാനസൗകര്യങ്ങളുടെ കുറവും എത്തിച്ചേരുന്ന രോഗികളുടെ ബാഹുല്യവും നിമിത്തം പലരും മടങ്ങുകയാണു പതിവ്. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയുടെ പരാധീനതകൾ ഏറെയാണ്.
ദിനംപ്രതി തിരുവനന്തപുരത്തുനിന്നും അന്യജില്ലകളില്‍ നിന്നുമല്ല, ഇതരസംസ്ഥാനങ്ങളില്നിന്നുപോലും രോഗികള്‍ ഇവിടെചികിത്സതേടിഎത്തുന്നുണ്ട്. വിവിധ രോഗങ്ങള്‍ ബാധിച്ച് വാര്‍ഡുകളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി തിരുവനന്തപുരം മെഡിക്കല്‍കോളജിന്റെ ചരിത്രത്തില്‍ വര്‍ഷങ്ങളായുള്ളതാണ്. കിടക്കകളില്‍ രോഗികളെ കിടത്തുമ്പോള്‍ അവര്‍ നിലത്തുവീഴാതിരിക്കുന്നതിന് ഏര്‍പ്പെടുത്തേണ്ടതായ മെറ്റല്‍ ഫെന്‍സിംഗ് സൈഡ് റേലിംഗ് പോലുള്ള സംവിധാനങ്ങള്‍ ഇപ്പോഴും മെഡിക്കല്‍ കോളജില്‍ ഇല്ല. ചില അവസരങ്ങളില്‍ കിടക്കകള്‍ ഒഴിവുണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളില്‍ സാധാരണ രോഗികളെ കിടത്തുന്ന കിടക്കകള്‍ നല്‍കുകയാണ് പതിവ്. ബന്ധുക്കളുടെ ശ്രദ്ധ എല്ലായ്പ്പോഴും രോഗിയുടെ മേല്‍ ഉണ്ടാകണമെന്നില്ല. രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന വാര്‍ഡുകളിലെ കിടക്കകള്‍ക്കു താഴെ മലീമസമായി കിടക്കുന്നതും ഈച്ചകളും കൊതുകുകളും വന്നിരിക്കുന്നതുംവരെ നിത്യ കാഴ്ചകളാണ്.
പുലയനാര്‍ക്കോട്ട ആശുപത്രിയുടെ സൗകര്യം വിപുലപ്പെടുത്തുമെന്നും മെഡിക്കല്‍കോളജിലേക്ക് കൂടുതല്‍ രോഗികള്‍ എത്തിയാല്‍ പുലയനാര്ക്കോട്ടയിലേക്കു മാറ്റി തിരക്കൊഴിവാക്കാൻ നടപടികള്‍ സ്വീരിക്കുമെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുള്ള വാഗ്ദാനമായിരുന്നു. കൂടുതല്‍ കിടക്കകള്‍ കൊണ്ടുവരുമെന്നുള്ളതും ജലരേഖയായി അവശേഷിക്കുന്നു. പെട്ടെന്നൊരു അന്വേഷണം പ്രഖ്യാപിക്കുമ്പോള്‍ പകുതി ആശ്വസിക്കുന്ന മരണപ്പെട്ട രോഗികളുടെ ബന്ധുക്കള്‍ പിന്നീട് ഈ പരാതികള്‍ക്കു പിറകേ പോകാന്‍ മെനക്കെടാറില്ല. അതുകൊണ്ടുതന്നെ കൊണ്ടുപിടിച്ചു നടക്കുന്ന അന്വേഷണം പകുതിവഴിയില്‍ ചൂടാറിപ്പോകുമ്പോള് വെളിവാകുന്നത് സര്‍ക്കാര്‍ ആശുപത്രികളുടെ ദൈന്യതയാണ്.