ഹരിപ്പാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പള്ളിപ്പാട് നടന്ന സ്വീകരണ യോഗം ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു
ഹരിപ്പാട്: ഇടതു സർക്കാർ കേരളത്തെ രാസലഹരിയുടെ കേന്ദ്രമാക്കി മാറ്റിയെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ആരോപിച്ചു. ഹരിപ്പാട് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രമേശ് ചെന്നിത്തലയുടെ ബൂത്ത് തല സ്വീകരണ പരിപാടി പള്ളിപ്പാട് 28ലെ കടവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാര കേന്ദ്രങ്ങളുടെ ഒത്താശയോടെയാണ് കേരളം രാസലഹരിയുടെ ഹബ്ബായി മാറിയതെന്നും ഔദ്യോഗിക സംരക്ഷണം ലഭിക്കുന്നതിനാൽ ലഹരി മാഫിയകൾക്കെതിരേ നടപടിയെടുക്കാൻ പോലീസിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും വർഗീയത ആളിക്കത്തിക്കാൻ മത്സരിക്കുകയാണ്.
സംസ്ഥാനത്തെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ തകർന്നു തരിപ്പണമായെന്നും വിലക്കയറ്റം മൂലം സാധാരണക്കാരന്റെ ജീവിതം ദുഃസഹമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്യാസ് പോലും കിട്ടാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഹരിപ്പാടിൽ മെഡിക്കൽ കോളജ് യാഥാർഥ്യമാക്കുമെന്ന് സ്ഥാനാർഥി രമേശ് ചെന്നിത്തല മറുപടി പ്രസംഗത്തിൽ പറഞ്ഞു.
യോഗത്തിൽ യുഡിഎഫ് ചീഫ് കോ-ഓർഡിനേറ്റർ എ.കെ. രാജൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ അനിൽ ബി. കളത്തിൽ, ജനറൽ കൺവീനർ ജോൺ തോമസ്, ഡിസിസി ഭാരവാഹികളായ മുഞ്ഞിനാട് രാമചന്ദ്രൻ, എസ്. വിനോദ് കുമാർ, അഡ്വ. വി. ഷുക്കൂർ, ജേക്കബ് തമ്പാൻ, ആർഎസ്പി നേതാക്കളായ രാജലക്ഷ്മി, മോഹനൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ കെ.കെ. സുരേന്ദ്രനാഥ്, ഷംസുദ്ദീൻ കായിപ്പുറം തുടങ്ങിയവർ പങ്കെടുത്തു.