പ്രതീകാത്മക ചിത്രം
കൊച്ചി: ഓണത്തോടനുബന്ധിച്ച് മറുനാടന്‍ യാത്രക്കാരെ പിഴിഞ്ഞ് അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍. തിരുവോണം അടുക്കാറായതോടെ ബസ് നിരക്കുകളില്‍ ദിവസേനയാണ് വര്‍ധന ഉണ്ടാകുന്നത്. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് എറണാകുളം ജില്ലയിലേക്ക് പ്രധാനമായും ബസ് സര്‍വീസുകളുള്ളത്.
സാധാരണ ദിവസങ്ങളില്‍ 1,400 രൂപവരെയയുള്ള ബംഗളൂരു-എറണാകുളം എസി, നോണ്‍ എസി ബസ് നിരക്ക് ഓണത്തോടനുബന്ധിച്ച് 2,300 ലേക്ക് കുതിച്ചു. വരും ദിവസങ്ങളില്‍ ഇനിയും വര്‍ധിച്ചേക്കും. കെഎസ്ആര്‍ടിസി എസി സ്ലീപ്പര്‍ മള്‍ട്ടി ആക്സില്‍ ഗജരാജ് സ്വിഫ്റ്റില്‍ 1,125 രൂപയാണ് നിരക്ക്. തിരുവോണത്തോടടുത്തുള്ള ദിവസങ്ങളില്‍ 3,100 മുതല്‍ 3,500 വരെയാണ് നിലവിലെ സ്വകാര്യ ബസുകളുടെ ഓണ്‍ലൈന്‍ നിരക്ക്. കെഎസ്ആര്‍ടിസിയില്‍ ഇത് 2,400 മുതല്‍ 2,600 രൂപ വരെയാണ്.
1,100 രൂപയായിരുന്ന ചെന്നൈ-കൊച്ചി യാത്രാ നിരക്ക് 2,500 ആയി ഉയര്‍ന്നു. കെഎസ്ആര്‍ടിസിയില്‍ 1,100 രൂപയാണ് സാധാരണ നിരക്ക്. ഓണം പ്രമാണിച്ച് ഇപ്പോൾ 2,000 രൂപ നല്‍കണം . ഹൈദരാബാദില്‍നിന്ന് കൊച്ചിയിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് സാധാരണ ദിവസം 2,600 രൂപ ആണെങ്കില്‍ ഓണത്തിന് അത് 4,600 രൂപയിലേക്കുയര്‍ന്നു.
നിലവിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിലധികം പേരാണ് ഓണത്തിന് നാട്ടിലേക്കെത്തുന്നത്. ട്രെയിനുകളില്‍ സീറ്റ് ലഭ്യമല്ലാതായതോടെ അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ മാത്രമാണ് യാത്രക്കാരുടെ ആശ്രയം. ടിക്കറ്റ് നിരക്ക് ഇനിയും വര്‍ധിച്ചാല്‍ എങ്ങിനെ നാട്ടിലെത്തുമെന്ന ആശങ്കയിലാണ് പലരും.
ചെന്നൈയില്‍നിന്ന് സാധാരണ 4,500 മുതല്‍ 5,500 രൂപ വരെയുള്ള വിമാന ടിക്കറ്റിന് ഓണക്കാലത്ത് 9,000 രൂപയ്ക്കു മുകളിലാണ്. ഡല്‍ഹിയില്‍നിന്നുള്ള നിരക്ക് 13,000 രൂപ കടന്നപ്പോള്‍ മുംബൈയില്‍നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് 9,100 രൂപ വരെയെത്തി.
അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി
ഓണത്തോടനുബന്ധിച്ച് സ്പെഷല്‍ സര്‍വീസിനായി ഏഴ് സൂപ്പര്‍ ക്ലാസ് ബസുകളാണ് എറണാകുളം ഡിപ്പോയില്‍ എത്തിയിട്ടുള്ളത്. ബംഗളൂരു, ചെന്നൈ, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് യാത്രക്കാരുടെ തിരക്കനുസരിച്ച് ബസ് ഷെഡ്യൂല്‍ ചെയ്യുന്നമെന്ന് എറണാകുളം ഡിടിഒ പറഞ്ഞു. നാളെ മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ സ്പെഷ്യല്‍ സര്‍വീസുകള്‍ തുടരും.
Tags : non-resident Malayalis NattuVishasham DistrictNews