ചന്ദനം മുഖ്യമന്ത്രി വി.ഡി. സതീശനോടൊപ്പം.
തൊടുപുഴ: സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടി സ്വദേശിയും എറണാകുളം മഹാരാജാസ് കോളജില്‍നിന്നു ബിരുദമെടുത്ത് ഗോത്രവര്‍ഗ സമൂഹത്തിന്റെ പുരോഗതിക്കായി അക്ഷീണപരിശ്രമം നടത്തുന്നയാളുമായ ചന്ദനം ശ്രദ്ധേയനാകുന്നു.
വനം മന്ത്രി ഷിബു ബേബിജോണിന്റെ നിര്‍ദേശപ്രകാരം ആദിവാസി സമൂഹത്തിന്റെ പ്രതിനിധിയായി സര്‍ക്കാര്‍ സംസ്ഥാന വന്യജീവി ബോര്‍ഡില്‍ ഇദ്ദേഹത്തെ ഉള്‍പ്പെടുത്തിയതോടെ കുടിയില്‍ ആവേശവും പ്രതീക്ഷയും അലയടിക്കുകയാണ്. അടിമാലിയില്‍നിന്ന് 70 കിലോമീറ്ററും മൂന്നാറില്‍നിന്ന് 36 കിലോമീറ്ററും അകലെ വനത്തില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ഇടമലക്കുടിയെന്ന ഗോത്രവര്‍ഗ പഞ്ചായത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന സമാനതകളില്ലാത്ത ദുരിതങ്ങള്‍ക്ക് അറുതിയില്ല.
ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി മാറിമാറിവന്ന സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ചെലവഴിച്ചത് കോടികളാണ്. പക്ഷേ കുടിയില്‍ റോഡുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇന്നും ഇവര്‍ക്ക് നല്‍കുന്നത് കണ്ണീരാണ്. ഇതിനിടെയാണ് ചന്ദനം ഗോത്രവര്‍ഗ സമൂഹത്തിന്റെ തീരാദുരിതങ്ങളും തോരാ കണ്ണീരും മന്ത്രി ഷിബു ബേബിജോണിന്റെ മുന്നില്‍ അവതരിപ്പിച്ചത്.
ഇതോടെ കുടികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആറ് റോഡുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ പരിഗണനയിലിരുന്ന ഫയലുകളിലെ പോരായ്മകള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരോട് ഇതിനു പരിഹാരം കാണാനും 24 മണിക്കൂറിനുള്ളില്‍ റോഡ് നിര്‍മാണത്തിനുള്ള എന്‍ഒസി നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. ഇടമലക്കുടിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള തുടക്കമാണ് ഇതെന്നും ഇനി ഇവിടേക്ക് വികസനത്തിന്റെ വാതായനം തുറക്കപ്പെടുമെന്നുമാണ് കുടിയിലെ നിവാസികളുടെ പ്രതീക്ഷ.
മുഖ്യമന്ത്രി വി.ഡി. സതീശനുമായും കുടിയിലെ ദുരിതങ്ങള്‍ ചന്ദനം പങ്കുവച്ചിരുന്നു. മുഖ്യമന്ത്രി നല്കിയ ഉറപ്പിനെത്തുടര്‍ന്ന് രണ്ടു പാലങ്ങള്‍ അടിയന്തരമായി നിര്‍മിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായിട്ടുണ്ട്. മണലിയാറിനു കുറുകെയും കണ്ടത്തിക്കുടിയിലെ പുഴയ്ക്കു കുറുകെയുമാണ് ആദ്യം പാലങ്ങള്‍ നിര്‍മിക്കുക. ഇതോടെ എട്ട് കുടികളിലെ നിവാസികളുടെ യാത്രാ ദുരിതത്തിനാണ് പരിഹാരമാകുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിവച്ച വീടുകളുടെ നിര്‍മാണം മുടങ്ങിക്കിടക്കുന്നതിന് അടിയന്തര പരിഹാരം വേണമെന്ന ആവശ്യം തദ്ദേശ, പട്ടികവര്‍ഗ, സിവില്‍സപ്ലൈസ് മന്ത്രിമാര്‍ക്കു മുന്നിലും ചന്ദനം അവതരിപ്പിച്ചു.
നിലവില്‍ റോഡരികിലുള്ള വീടുകള്‍ മാത്രം നിര്‍മിച്ച് കരാറുകാര്‍ പോകുന്നതുമൂലം ഉള്‍പ്രദേശങ്ങളില്‍ നിരവധിപ്പേരാണ് വാസയോഗ്യമായ ഭവനമില്ലാതെ ജീവിതം തള്ളിനീക്കേണ്ടി വരുന്നത്.
എറണാകുളത്തെ അടഞ്ഞുകിടക്കുന്ന കുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ തുറക്കാനും സഞ്ചരിക്കുന്ന റേഷന്‍കട കുടിയില്‍ തുടങ്ങാനും ആവശ്യമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് നേടിയാണ് ചന്ദനം തിരികെ മടങ്ങിയത്. ഇടമലക്കുടിയിലെ ആണ്ടവന് കുടിയില്‍ ജനിച്ച ചന്ദനം ഇപ്പോള്‍ ഇഡ്ഡലിപ്പാറ ഉന്നതിയിലാണ് താമസിക്കുന്നത്. നാഗരാജ്-രജതങ്കം ദമ്പതികളുടെ മകനാണ്.
Tags :