മഞ്ചേരി കിഴക്കെ വെള്ളാട്ട് തറവാട്ടിൽ തലമുറകളുടെ സംഗമമായി നടന്ന തറവാട്ടോണം.
മഞ്ചേരി: മഞ്ചേരിയിലെ പ്രശസ്തവും പുരാതനവുമായ കിഴക്കെ വെള്ളാട്ട് തറവാട്ടിൽ സംഘടിപ്പിച്ച "തറവാട്ടോണം 2026’ തലമുറകളുടെ സംഗമമായി. ബ്രിട്ടീഷ് - കേരള വാസ്തുശൈലിയിൽ നിർമിച്ച മഞ്ചേരിയിലെ ഏക പുരാതന കെട്ടിടം എന്ന വിശേഷണം കൂടി കിഴക്കെ വെള്ളാട്ട് തറവാടിനുണ്ട്. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ ഒരു ഇന്ത്യക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന റാങ്കിലെത്തിയ റാവു സാഹിബ് പട്ടം നേടിയ സുബേദാർ കൃഷ്ണ പണിക്കർ ആണ് 1936ൽ 35 ഏക്കർ സ്ഥലത്ത് കെട്ടിടം നിർമിച്ചത്.
തലമുറകൾ വീതംവച്ച് വന്നതോടെ ഇപ്പോൾ തറവാട് നിൽക്കുന്ന സ്ഥലം അന്പതു സെന്റ് മാത്രമായി ചുരുങ്ങിയിട്ടുണ്ട്. കൃഷ്ണപ്പണിക്കർക്കും ഭാര്യ അമ്മുണ്ണിഅമ്മ എന്ന തന്പു അമ്മയ്ക്കും ഒന്പത് മക്കളാണുണ്ടായിരുന്നത്. ഇതിൽ 92 വയസായ കെ.വി. തങ്കം, സഹോദരൻമാരായ ഗോപാലകൃഷ്ണൻ, മനോഹര കൃഷ്ണൻ എന്നിവർ മാത്രമാണ് ജീവിച്ചിരിക്കുന്നത്.
അഞ്ചു തലമുറകളിലായി ഇരുനൂറോളം പേരുള്ളതിൽ 140 പേർ ഇത്തവണത്തെ തറവാട്ടോണത്തിൽ പങ്കാളികളായി. അവശേഷിക്കുന്നവരിൽ പലരും കാനഡ, യുഎഇ, പൂനെ, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലാണുള്ളത്. ഇവർക്ക് മൂന്നു വർഷത്തെ ഇടവേളക്കു ശേഷം നടന്ന പരിപാടിയിൽ പങ്കുകൊള്ളാനായില്ല.
മലബാർ സ്പെഷൽ പോലീസ് (എംഎസ്പി) സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച കൃഷ്ണ പണിക്കരോടുള്ള ആദരസൂചകമായി എംഎസ്പി ആസ്ഥാനത്ത് അദ്ദേഹത്തിന്റെ ചിത്രം സ്ഥാപിച്ചിട്ടുണ്ട്. മഞ്ചേരിയിലെയൂണിറ്റി വിമൻസ് കോളജ് ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് കിഴക്കെ വെള്ളാട്ട് തറവാട് കെട്ടിടത്തിലായിരുന്നുവെന്നതും കൗതുകകരമാണ്.
തറവാട്ടോണം 2026ന്റെ ഭാഗമായി മെഗാ പൂക്കളവും മെഗാ തിരുവാതിരയും സംഘടിപ്പിച്ചു. തുടർന്ന് വിവിധതരം കലാ, കായിക, സാംസ്കാരിക പരിപാടികളും അരങ്ങേറി.
കാരണവൻമാർക്കൊപ്പം പുതുതലമുറയിലെ കെ.വി. സജീവ്, കൃഷ്ണദാസ് വടക്കെയിൽ, സത്യപാൽ, രഞ്ജന, അരുണ്കുമാർ കൃഷ്ണൻ, കെ.വി. ഹരി, മദന ഗോപാൽ എന്ന ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews DeepikaNews Tharavattonam