തൃശൂർ: ലക്ഷക്കണക്കിനു ഹോട്ടൽ ജീവനക്കാരെയും നടത്തിപ്പുകാരെയും ജനങ്ങളെയും ബാധിക്കുന്ന പാചകവാതക സിലിണ്ടർ വിലവർധനയിൽനിന്നു കേന്ദ്രസർക്കാർ പിൻമാറണമെന്നു നിയുക്ത എംഎൽഎ രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു. കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) ജില്ലയിലെ ഹോട്ടലുകൾ അടച്ചിട്ടു തൃശൂർ ഏജീസ് ഓഫീസിനുമുമ്പിൽ നടത്തിയ പ്രതിഷേധധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭക്ഷണവില വർധിക്കാൻ ഇടവരുത്തുന്ന സാഹചര്യം കേന്ദ്രസർക്കാർ ഒഴിവാക്കണം. അഞ്ചുമാസത്തിനിടെ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 1442 രൂപയാണു കേന്ദ്രസർക്കാർ അനുമതിയോടെ പെട്രോളിയം കമ്പനികൾ വർധിപ്പിച്ചത്. ഒരു സിലിണ്ടറിനു 3102 രൂപ ഹോട്ടലുടമകളിൽനിന്നു വാങ്ങുന്നതു ജനദ്രോഹമാണ്. പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ കുറയ്ക്കുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പുവാഗ്ദാനം 12 വർഷമായിട്ടും ഇതുവരെയും പാലിച്ചിട്ടില്ല. നികുതികൾ ഇളവുചെയ്തും വർധിപ്പിച്ച നിരക്കുകൾ പിൻവലിച്ചും കേന്ദ്രസർക്കാർ ജനങ്ങളോടും ഹോട്ടൽ ഉടമകളോടും നീതി ചെയ്യണമെന്നു രാജൻ പല്ലൻ ആവശ്യപ്പെട്ടു.
കെഎച്ച്ആർഎ ജില്ലാ പ്രസിഡന്റ് അമ്പാടി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി. ബിജുലാൽ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി വി.ടി. ജോർജ്, വ്യാപാരി വ്യവസായിസമിതി ജില്ലാ ട്രഷറർ ജോയ് പ്ലാശേരി, ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി സോളി തോമസ്, കെഎച്ച്ആർഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, ജില്ലാ സെക്രട്ടറി വി.ആർ. സുകുമാർ, ജില്ലാ നേതാക്കളായ എൻ.കെ. അശോക് കുമാർ, എ.സി. ജോണി, ഒ.കെ.ആർ. മണികണ്ഠൻ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുന്ദരൻനായർ, പ്രേംരാജ് ചൂണ്ടലാത്ത്, പ.എസ്. ബാബുരാജൻ, വനിതാവിഭാഗം സംസ്ഥാന ട്രഷറർ റഹ്മത്ത് ബാബു, വി.ജി. ശേഷാദ്രി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Rajan Pallan nattuvishesham local news