പൊന്കുന്നം: വയോജനങ്ങള് സഭയുടെ സമ്പത്തും സാധ്യതയുമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല്. കാഞ്ഞിരപ്പള്ളി രൂപത സുവര്ണ ജൂബിലിയുടെ ഭാഗമായി പൊന്കുന്നം തിരുക്കുടുംബ ഫൊറോന പള്ളിയിൽ ആരംഭിച്ച സഖറിയാസ് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്. ജൂബിലിവര്ഷത്തില് തികഞ്ഞ ദൈവാനുഭവത്തോടെ സഭയ്ക്കും സമൂഹത്തിനും വലിയ സംഭാവനകള് നല്കാന് വയോജനങ്ങള്ക്കാകണം. കുടുംബത്തെയും കുഞ്ഞുങ്ങളെയുമോര്ത്ത് അഭിമാനിക്കാനും കൃതജ്ഞതാഭരിതരായി ജീവിക്കാനും നമുക്കാവണമെന്നും മാര് ജോസ് പുളിക്കല് കൂട്ടിച്ചേർത്തു.
ഫാമിലി അപ്പൊസ്തലേറ്റ് രൂപത ഡയറക്ടര് ഫാ. മാത്യു ഓലിക്കല്, ഫാ. ഡോ. തോമസ് പൂവത്താനിക്കുന്നേല്, ഫാ. ജോസുകുട്ടി ഇടത്തിനകം എന്നിവർ പ്രസംഗിച്ചു. പിതൃവേദിയുടെയും മാതൃവേദിയുടെയും രുപത, ഫൊറോന എക്സിക്യൂട്ടീവ് അംഗങ്ങള്, പൊന്കുന്നം ഇടവക നേതൃസമിതി അംഗങ്ങള് തുടങ്ങിയവര് നേതൃത്വം നൽകി. ക്രിസ്റ്റീന് സഖറിയാസ് മിഷന് ടീം ശുശ്രൂഷകള് നയിച്ചു. ഫൊറോനയിലെ വിവിധ ഇടവകകളില്നിന്നായി അഞ്ഞൂറില്പരം അംഗങ്ങള് കണ്വന്ഷനില് പങ്കുചേര്ന്നു.
രൂപത ഫാമിലി അപ്പൊസ്തലേറ്റാണ് കണ്വന്ഷന് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നും നാളെയും രാവിലെ 9.30ന് വിശുദ്ധ കുര്ബാനയോടെ കണ്വന്ഷന് ആരംഭിച്ച് വൈകുന്നേരം നാലിന് സമാപിക്കും.