പ്രതീകാത്മക ചിത്രം
മാന്നാർ: ചെന്നിത്തലയിൽ പ്രവാസിയുടെ വീട്ടിൽ നിന്നും 20 പവൻ സ്വർണം മോഷണം പോയ കേസിൽ പ്രതികൾ അറസ്റ്റിൽ. ശൂരനാട് ചക്കുവളളി പരപ്പാടി പുത്തൻ വീട്ടിൽ സന്തോഷ് കുമാർ (44)നെ ആണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. 2026 ജനുവരി 30 നാണ് ചെന്നിത്തല വലിയവീട്ടിൽ ഷാരോൺ വില്ലയിൽ മോഷണം നടന്നത്. തുടർന്ന് മാന്നാർ പോലീസ് കേസെടുത്ത് അന്വേഷണം നടന്നു വരികയായിരുന്നു.
ഇതിനിടെ, നൂറനാട് പോലീസ് മറ്റൊരു കേസിൽ ചില്ല് ശ്രീകുമാർ എന്ന വിളിപ്പേരുള്ള ചവറ ശങ്കരമംഗലം പള്ളത്ത് പടീറ്റേതിൽ ശ്രീകുമാർ (36) നെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെയാണ് ശ്രീകുമാർ ചെന്നിത്തലയിലെ മോഷണകാര്യം സമ്മതിച്ചത്. ഇതിന്റെയടിസ്ഥാനത്തിൽ ഒന്നാം പ്രതിയായ ചില്ല് ശ്രീകുമാറിനെ മാന്നാർ പോലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതിയായ സന്തോഷിനെ പോലീസ് പിടികൂടിയത്.
ചെങ്ങന്നൂർ ഡിവൈഎസ്പി അലക്സ് ബേബിയുടെ നിർദേശപ്രകാരം മാന്നാർ പോലിസ് ഇൻസ്പക്ടർ എസ്.വി. ബിജു, എസ്ഐ ഇ.എസ്. ഷൈജ, എഎസ്ഐ രജിത, സീനിയർ സിപിഒമാരായ അരുൺ ഭാസ്കർ, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷെഫീക്ക് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം ഏറ്റുമാനൂരിൽ നിന്നാണ് പ്രതിയെ പിടികുടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.