പ്രതീകാത്മക ചിത്രം
പേരൂർക്കട: ജില്ലാ മാതൃക ആശുപത്രിയിലെ കൂട്ടിരിപ്പുകാർക്കുള്ള വാർഡിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം വിവാദമായതിനു പിന്നാലെ ഇവിടത്തെ ഉന്നത അധികാരികൾക്ക് സ്ഥലംമാറ്റം.
ആശുപത്രി സൂപ്രണ്ട് എം.എസ്. അനുവിനെ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്. പുതിയ സൂപ്രണ്ടായി ഡോ. എൽ. അനിതകുമാരി ഉടൻ ചുമതലയേൽക്കും. ഡപ്യൂട്ടി സൂപ്രണ്ട് കെ.ബി. ബിന്ദുവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ടായാണ് സ്ഥലംമാറ്റിയത്. പേരൂർക്കടയിലെ പുതിയ ഡെപ്യൂട്ടി സൂപ്രണ്ടായി പി.വി. അരുൺ ചുമതലയേൽക്കും. ഭരണ സൗകര്യാർഥമുള്ള മാറ്റമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ സ്ഥലംമാറ്റ ഉത്തരവിൽ പറയുന്നത്.
എന്നാൽ പൂച്ച-എലി വിവാദത്തിനു പിന്നാലെയാണ് നടപടി വന്നതെന്നതും ശ്രദ്ധേയമാണ്. ഇതിന് മുന്പ് ആശുപത്രിയിലെ ആർഎംഒ ഡോ. അനിൽ രാധാകൃഷ്ണനെ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതോടെ ആശുപത്രിയുടെ മൂന്നു പ്രധാന ചുമതലകളിലും മാറ്റം വന്നിരിക്കുകയാണ്.
സ്ത്രീകളുടെ ശസ്ത്രക്രിയ വാർഡിനോടു ചേർന്നുള്ള കെട്ടിടത്തിലെ കിടക്കകളിലാണ് പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവം വൈറലാകുകയായിരുന്നു. രോഗികളുടെ കൂട്ടിരിപ്പുകാർക്കായി നിലവിൽ ഉപയോഗിച്ചിരുന്ന വാർഡിലായിരുന്നു ഇവയുടെ സാന്നിധ്യം. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ നേരത്തെ ഈ കെട്ടിടത്തിലേക്കായിരുന്നു മാറ്റിയിരുന്നത്. മഴക്കാലത്ത് കെട്ടിടത്തിൽ ചോർച്ചയുണ്ടായതിനെത്തുടർന്ന് വാർഡ് അടച്ചിട്ടിരിക്കുകയായി രുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
കിടക്കകളിൽ പൂച്ചകളും ചത്ത എലിയും കണ്ടെത്തിയതോടെ രോഗികളും കൂട്ടിരിപ്പുകാരും കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാൻ മടിക്കുന്ന സാഹചര്യവുമുണ്ടായി. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർ, ആരോഗ്യവകുപ്പ് അഡിഷണൽ ഡയറക്ടർ തുടങ്ങിയ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി പരിശോധന നടത്തിയിരുന്നു.
കെട്ടിടം അണുവിമുക്തമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിരുന്നു. അതിനിടെ ജില്ലാ മെഡിക്കൽ ഓഫിസർ ബിന്ദു മോഹൻ അന്വേഷണ റിപ്പോർട്ട് ഡിഎച്ച്എസിനു കൈമാറിയിരുന്നു. ആശുപത്രിയിലെ ശുചിത്വത്തെയും രോഗികളുടെ സുരക്ഷയെയും ചൊല്ലി വലിയ വിമർശനം ഉയർന്നതിനു പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ തുടർനടപടി.
Tags : Deputy Superintendent and Superintendent transferred Superintenden NattuVishesham DiോstrictNews