പെസഹാ തിരുക്കർമങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കാൽകഴുകൽ ശുശ്രൂഷ നിർവഹിക്കുന്നു.
കാഞ്ഞിരപ്പള്ളി: ദൈവിക മഹത്വത്തിൽ പങ്കുചേരുന്നതിന് ശിഷ്യരെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടത്തപ്പെട്ട പെസഹാ തിരുക്കർമങ്ങളിൽ സന്ദേശം നൽകുകയായിരുന്നു മാർ ജോസ് പുളിക്കൽ.
സ്വാർഥത വെടിഞ്ഞുള്ള ശുശ്രൂഷയുടെയും പരിപൂർണ സമർപ്പണത്തിന്റെയും ശുദ്ധീകരണത്തിന്റെയും അടയാളമായ പാദക്ഷാളന രഹസ്യം മനസിലാകാത്തവർക്ക് മഹത്വത്തിൽ പങ്കുചേരാനാവില്ല. നാം പിൻചെല്ലേണ്ട വഴികളെയാണ് ഈശോമിശിഹാ കാട്ടിത്തന്നത്. ആ മാതൃക സ്വീകരിക്കുന്നതിന് നമുക്ക് ഉത്തരവാദിത്വമുണ്ട്. കൂട്ടായ്മയിലേക്കു നമ്മെ ക്ഷണിക്കുന്ന പരിശുദ്ധ കുർബാന പങ്കുവയ്ക്കലിന് നിരന്തരം ആഹ്വാനം ചെയ്യുന്നുവെന്നും മാർ പുളിക്കൽ പറഞ്ഞു.
സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലെ പെസഹാ തിരുക്കർമങ്ങളിൽ കത്തീഡ്രൽ വികാരിയും ആർച്ച്പ്രീസ്റ്റുമായ ഫാ.ഡോ. കുര്യൻ താമരശേരി, ഫാ. തോമസ് മുളങ്ങാശേരി, ഫാ. ഇമ്മനുവൽ മണിമല, ഫാ. ജേക്കബ് ചാത്തനാട്ട്, ഫാ. ആന്റണി കടവിൽ, സന്യസ്തർ, അല്മായർ എന്നിവരുൾപ്പെടുന്ന വിശ്വാസിഗണം പങ്കുചേർന്നു.