കാക്കനാട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ചിറ്റൂർ ഇടയക്കുന്നം ചക്കാലയ്ക്കൽ വീട്ടിൽ റോബിൻ ആന്റണി(45)ആണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്.
കാക്കനാട് ടിവി സെന്ററിന് സമീപം പ്രവർത്തിക്കുന്ന അമ്പലമേട് ഫിനാൻസിയേഴ്സ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. കഴിഞ്ഞ മേയ് ഏഴിനാണ് പ്രതി സ്ഥാപനത്തിലെത്തി 22 ഗ്രാമിലധികം തൂക്കം വരുന്ന മാല പണയംവച്ചത്. മുൻപ് ഈ സ്ഥാപനത്തിൽ പണയമിടപാടുകൾ നടത്തി കൃത്യമായി തിരിച്ചെടുത്തിരുന്ന ആളായതിനാൽ പ്രതിയിലുള്ള വിശ്വാസത്തിന്റെ പുറത്ത് മാനേജർ 1,68,500 രൂപ ഇയാൾക്ക് നൽകുകയായിരുന്നു. ഇടപാട് നടന്ന ദിവസം സ്ഥാപനത്തിൽ സ്വർണ പരിശോധന നടത്തുന്ന ജീവനക്കാരൻ ഉണ്ടായിരുന്നില്ല.
കഴിഞ്ഞമാസം നാലിന് സ്ഥാപനത്തിലെ അപ്രൈസർ എത്തി ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് റോബിൻ ആന്റണി പണയംവച്ച സ്വർണമാല മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. സ്ഥാപന അധികൃതർ ഉടൻ തന്നെ പ്രതിയെ വിളിപ്പിച്ചു ചോദിച്ചറിഞ്ഞപ്പോൾ ഇത് സുഹൃത്തിന്റെ മാലയാണെന്നും 10 ദിവസത്തിനകം പണം തിരികെ നൽകി മാല കൊണ്ടുപോകാമെന്നും ഇയാൾ ഒപ്പിട്ടു നൽകിയിരുന്നു.
എന്നാൽ കാലാവധി കഴിഞ്ഞിട്ടും പണം നൽകാതെ വന്നതോടെ മാനേജരുടെ പരാതിയിൽ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : nattu vishesham Three-figure loan fraud