കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതികൾ.
രാജകുമാരി: രാജകുമാരിയിൽ ഹൈബ്രീഡ് കഞ്ചാവുമായി മൂന്നു യുവാക്കൾ രാജാക്കാട് പിടിയിലായി. രാജകുമാരി ആവണക്കുംചാൽ സ്വദേശി ജോയൽ ജോർജ് (28), ആനന്ദ് സജീവ് (30), ജോയൽ ജോസ് (25) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാവിലെയാണ് ആവണക്കുംചാൽ പാലത്തിന് സമീപത്ത് ഇവർ സഞ്ചരിച്ചിരുന്ന ജീപ്പിൽവച്ച് മൂവരെയും അറസ്റ്റ് ചെയ്തത്.
ജോയൽ ജോർജ് ബംഗളൂരുവിൽ വിവാഹച്ചടങ്ങിനു പോയി തിരികെ വരുംവഴി പൂപ്പാറയിൽ ബസിറങ്ങിയ ജോയലിനെ കൂട്ടുകാർ ചേർന്ന് കൂട്ടിക്കൊണ്ടു വരുന്നതിനിടെയാണ് രാജാക്കാട് പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ അറസ്റ്റ് ചെയ്തത്. 18.17 ഗ്രാം കഞ്ചാവാണ് ഇവരിൽനിന്നു പിടിച്ചെടുത്തത്.15000 രൂപ നൽകി വാങ്ങിയതെന്നും സ്വന്തം ഉപയോഗത്തിനായാണ്
വാങ്ങിയതെന്നുമാണ് ഇയാൾ പോലീസിനോടു പറഞ്ഞത്. മൂവരും കഞ്ചാവ് ഉപയോഗിക്കുന്നവരാണ്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.