പുൽപ്പള്ളി: മൂന്നുപാലത്ത് പുലിയുടെ ആക്രമണത്തിൽ രണ്ട് ആടുകൾ ചത്തു. ഒരാടിന് സാരമായ പരിക്കുണ്ട്. മൂന്നുപാലം മരങ്ങാട്ടിൽ തങ്കച്ചന്റെ ആടുകളെയാണ് പുലി ആക്രമിച്ചത്. ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. വീടിന് തൊട്ടുചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ആടുകളെ തീറ്റുന്നതിനായി കെട്ടിയിട്ടതായിരുന്നു. ആടുകളുടെ കരച്ചിൽ കേട്ട് തങ്കച്ചന്റെ ഭാര്യ സായ ഓടിയെത്തിയപ്പോഴേയ്ക്കും പുലി ഇവിടെ നിന്നും കടന്നുകളഞ്ഞു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
കഴിഞ്ഞയാഴ്ച മൂന്നുപാലത്ത് പുലി രണ്ട് ആടുകളെ കൊല്ലുകയും മൂന്ന് ആടുകളെ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ബിജുവിന്റെ വീടിന് സമീപം പുലിയെ പിടികൂടുന്നതിനായി വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. പ്രദേശത്ത് കൃഷിയിടങ്ങളിൽ കാട്മൂടിക്കിടക്കുന്നതുമൂലം പുലി പരിസരത്തുതന്നെയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കൂടുതൽ കൂടുകൾ സ്ഥാപിച്ച് പുലിയെ പിടികൂടാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പുലിയെ മയക്കുവെടിവച്ച് പിടികൂടണമെന്ന്
പുൽപ്പള്ളി: ആഴ്ചകളായി മൂന്നുപാലം, പാടിച്ചിറ പ്രദേശങ്ങളിൽ വളർത്തുമൃഗങ്ങളെ പിടികൂടുന്ന പുലിയെ പിടികൂടാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നുപാലം പ്രദേശത്ത് നാല് ആടുകളെയാണ് പുലി കൊന്നത്. ഇതിന് പുറമേ അഞ്ച് ആടുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടും വനംവകുപ്പ് പുലിയെ പിടികൂടുന്നതിനാവശ്യമായ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് മൂന്നുപാലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ പുലിയെ കൂട്ടിൽ കുടുക്കാൻ കഴിഞ്ഞില്ല. മൂന്നുപാലം പ്രദേശത്തെ പല കൃഷിയിടങ്ങളും കാടുമൂടിക്കിടക്കുന്നതിനാൽ പുലി ഈ മേഖലയിൽ തന്നെയുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. എന്നാൽ കൃഷിയിടങ്ങളിലെ കാടുവെട്ടിത്തെളിക്കാനാവശ്യമായ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
ക്ഷീരകർഷകർ ഏറെയുള്ള മേഖലകൂടിയാണിത്. പുലിയുടെ സാന്നിധ്യം മൂലം കൃഷിയിടങ്ങളിലിറങ്ങി പുല്ലരിയാനോ പുലർച്ചെ പശുക്കളെ കറക്കുന്നതിനുപോലും കഴിയാത്ത അവസ്ഥയാണ്. അടിയന്തരമായി പ്രദേശത്തെ കാടുകൾ വെട്ടിത്തെളിച്ച് ജനവാസ മേഖലയിലുള്ള പുലിയ മയക്കുവെടിവച്ച് പിടികൂടുന്നതിനാവശ്യമായ നടപടികൾ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Local News Nattuvishesham Wayanad