ചിന്നക്കനാൽ: രണ്ടു തലമുറയുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ചിന്നക്കനാൽ മുത്തമ്മ ഉന്നതിയിലെ 236 കൈവശക്കാർക്ക് ഭൂമിയുടെ പട്ടയം ലഭിച്ചു. 25 വർഷങ്ങൾക്കു ശേഷമാണ് ചിന്നക്കനാലിൽ ഭൂവുടമകൾക്ക് പട്ടയം നൽകുന്നത്. കേരള ഭൂപതിവു നിയമം 1963ലെ ചട്ടപ്രകാരമാണ് കുടുംബങ്ങൾക്ക് ഉപാധിരഹിത പട്ടയം നൽകിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് 70 കുടുംബങ്ങൾക്ക് പട്ടയം നൽകിയിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ബാക്കിയുള്ളവർക്ക് പട്ടയം വിതരണം ചെയ്യാൻ കഴിഞ്ഞില്ല. നടപടികൾ പൂർത്തിയാക്കി ഇന്നലെ പട്ടയങ്ങൾ ഭൂവുടമകൾക്ക് വിതരണം ചെയ്തു.
എഫ്. രാജ എംഎൽഎ പട്ടയവിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ടാറ്റാ കമ്പനിയിൽനിന്ന് അഞ്ചു പതിറ്റാണ്ട് മുൻപ് ഏറ്റെടുത്ത സർവേ നമ്പർ 121 ൽ ഉൾപ്പെട്ട 49 ഏക്കറോളം ഭൂമിയിൽ 30 ഏക്കറിലധികം ഭൂമിക്കാണ് ഇപ്പോൾ പട്ടയം നൽകിയത്. രണ്ടു സെന്റ് മുതൽ 60 സെന്റ് വരെയുള്ള കൈവശ ഭൂമിക്ക് പട്ടയം നൽകിയിട്ടുണ്ട്. ഈ ചട്ടപ്രകാരം പരമാവധി ഒരേക്കർ ഭൂമിക്കാണ് പട്ടയം നൽകാവുന്നത്.\
അഞ്ച് ഏക്കറോളം ഭൂമി റോഡിനായി ഒഴിവാക്കി.12 ഏക്കറോളം ഭൂമി ഇനിയും കൈവശക്കാർക്ക് പതിച്ച് നൽകാനുണ്ട്. ചിന്നക്കനാൽ വില്ലേജ് ഓഫീസർ വി. സന്തോഷ് കുമാർ, സ്പെഷൽ വില്ലേജ് ഓഫീസർ ഗുൽസാരി ലാൽ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.
Tags : Nattuvishesham Local Desk Chinnakanal Title deeds issued to 236 occupants