ഇന്നലെ തൃപ്പൂണിത്തുറ നഗരത്തിലുണ്ടായ ഗതാഗതക്കുക്ക്.
തൃപ്പൂണിത്തുറ: ഓണക്കച്ചവടം പൊടിപൊടിക്കേണ്ട ഞായറാഴ്ച വാഹനക്കുരുക്കിൽ വലഞ്ഞ് തൃപ്പൂണിത്തുറയും പരിസര പ്രദേശങ്ങളും. ഗവ.ബോയ്സ് ഹൈസ്കൂൾ വളപ്പിൽനിന്നു വൈക്കം റോഡിലേയ്ക്കും ബസ് സ്റ്റാൻഡ് റോഡിലേക്കും പടർന്ന് പന്തലിച്ച് അപകടകരമായി നിന്നിരുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതിനായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതാണ് നഗരത്തെ ഗതാഗതക്കുരുക്കിൽപ്പെടുത്തിയത്.
അത്തത്തിന് മുൻപുള്ള ഞായറും മഴ മാറി നിന്ന ദിനവുമായിരുന്നതിനാൽ ഒട്ടനവധിയാളുകളാണ് ഓണ പർച്ചേസിനായി നഗരത്തിലേക്കെത്തിയത്. എന്നാൽ എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചായിരുന്നു വാഹനങ്ങൾ മാല പോലെ റോഡിൽ നിരന്നത്.
വടക്കേക്കോട്ടയിൽനിന്നും തുടങ്ങിയ വാഹനങ്ങളുടെ നിര മുനിസിപ്പൽ പരിധിയും കഴിഞ്ഞ് വൈക്കം റോഡിൽ ഉദയംപേരൂർ കവല വരെ നീണ്ടു. പ്രധാന റോഡ് വാഹനങ്ങൾ കൊണ്ട് തിങ്ങിയതോടെ മാർക്കറ്റ് റോഡ് ലക്ഷ്യമാക്കി കൂടുതൽ വാഹനങ്ങൾ എത്തിയതിനാൽ മാർക്കറ്റ് -പുതിയകാവ് റോഡും വാഹനങ്ങൾ കൊണ്ട് നിറഞ്ഞു.
ഒട്ടേറെ പോലീസുദ്യോഗസ്ഥർ വിവിധ ഭാഗങ്ങളിലായി നിന്ന് ഗതാഗതം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ചില ഭാഗങ്ങളിൽ വാഹനങ്ങൾ നീക്കിയിടാൻ പോലും സാധിക്കാത്ത രീതിയിലായിരുന്നു വാഹനങ്ങൾ കിടന്നത്.
പുതിയകാവ് ഭാഗത്ത് നിന്നെത്തിയ വാഹനങ്ങളെ കണ്ണൻകുളങ്ങരയിൽ മിനി ബൈപാസ് വഴി കടത്തിവിട്ടാണ് ഇവിടെ അല്പമെങ്കിലും വാഹനക്കുരുക്കിന് അറുതി വരുത്തിയത്. നാളുകളായി അപകടകരമായി നിൽക്കുന്ന മരങ്ങൾ ഓണക്കാലത്ത് ജനത്തിരക്കേറുന്ന ദിവസം തന്നെ വെട്ടിമാറ്റാനായി തെരഞ്ഞെടുത്തതിൽ വ്യാപകമായ പ്രതിഷേധമാണ് നാട്ടുകാരിൽ നിന്ന് ഉയർന്നത്.
Tags : Nattuvishesham DistrictNews DeepikaNews Tree Felling